കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ അറസ്റ്റ് ദിവസങ്ങള്ക്കകം സംഭവിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. കേന്ദ്ര ഏജൻസികളിലൊന്ന് ഉടൻ തന്നെ പിണറായി വിജയനെ അറസ്റ്റ് ചെയ്യുമെന്നായിരുന്നു അസം മുഖ്യമന്ത്രിയുടെ പ്രതികരണം. പിണറായിയുടെ അറസ്റ്റിനെ പിന്നീട് രാഹുൽ ഗാന്ധി പിന്തുണക്കരുതെന്നും ഹിമന്ത ബിശ്വ ശർമ്മ റിപ്പോർട്ടറിനോട് പ്രതികരിച്ചു.
കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തിയതായിരുന്നു അസം മുഖ്യമന്ത്രി. പിണറായി വിജയനും നരേന്ദ്ര മോദിയും തമ്മിൽ ധാരണയിലാണ് എന്ന രാഹുൽ ഗാന്ധിയുടെ നിലപാട് സംബന്ധിച്ച ചോദ്യത്തിനായിരുന്നു ഹിമന്ത ബിശ്വ ശർമ്മയുടെ മറുപടി. നേരത്തെ അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു. പിന്നീട് കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും ഹിമന്ത ബിശ്വ ശർമ്മ ചൂണ്ടിക്കാണിച്ചു. അതേ കാര്യമാകും ഇവിടെയും സംഭവിക്കുക. പിണറായി വിജയനെ അറസ്റ്റ് ചെയ്താൽ ഇന്ത്യ മുന്നണിയുടെ ഭാഗമായി നിൽക്കുന്ന പിണറായി വിജയന് അനുകൂലമായ നിലപാട് എടുക്കുമോ എന്നും അസം മുഖ്യമന്ത്രി ചോദിച്ചു.
കേരളത്തില് ബിജെപി അക്കൗണ്ട് തുറക്കുമെന്ന ആത്മവിശ്വാസവും ഹിമന്ത ബിശ്വ ശര്മ്മ പ്രകടിപ്പിച്ചു. നരേന്ദ്ര മോദിയുടെ പരാമര്ശം മുസ്ലിങ്ങള്ക്കെതിരല്ല. രാജ്യത്തിന്റെ സമ്പത്ത് എല്ലാവര്ക്കുമുള്ളത്, ഒരു വിഭാഗത്തിനുള്ളതല്ല. വര്ഗ്ഗീയ പരാമര്ശം നടത്തിയത് കോണ്ഗ്രസാണെന്നും നരേന്ദ്ര മോദിയല്ലെന്നും അസം മുഖ്യമന്ത്രി വ്യക്തമാക്കി. മണിപ്പൂരിലെ ജനങ്ങള് നരേന്ദ്ര മോദിക്കായി വോട്ട് ചെയ്തു. രാജ്യത്തിന്റെ ഭാവി ബിജെപിയിലെന്നും ഹിമന്ത ബിശ്വ ശര്മ്മ പറഞ്ഞു. കേന്ദ്രത്തില് നിന്ന് വാങ്ങാനല്ല, രാജ്യത്തിന് നല്കാന് കേരളം ശ്രമിക്കണമെന്നും ഹിമന്ത ബിശ്വ ശർമ്മ ആവശ്യപ്പെട്ടു.