ന്യൂഡല്ഹി: ബിജെപി സ്ഥാനാര്ത്ഥി അനില് ആന്റണിക്കെതിരായ തെളിവുകള് പുറത്ത് വിടുമെന്ന് ദല്ലാള് നന്ദകുമാര്. 11.30ന് നന്ദകുമാര് ദില്ലിയില് മാധ്യമങ്ങളെ കാണും. യുപിഎ സര്ക്കാരിന്റെ കാലത്ത് സുഹൃത്തിനെ കേരള ഹൈക്കോടതിയിലെ സിബിഐ സ്റ്റാന്ഡിംഗ് കോണ്സലായി നിയമിക്കാമെന്ന് പറഞ്ഞ് തന്റെ കൈയ്യില് നിന്നും അനില് ആന്റണി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു നന്ദകുമാറിന്റെ ആരോപണം. അനില് ഇക്കാര്യം നിഷേധിച്ചതോടെ കൂടുതല് ആരോപണവുമായി നന്ദകുമാര് രംഗത്തെത്തി.
സുഹൃത്തിന്റെ നിയമനവുമായി ബന്ധപ്പെട്ട് അനില് ആന്റണിക്ക് പണം കൈമാറിയത് ദില്ലി സാഗര് രത്ന ഹോട്ടലില് വെച്ചാണെന്നും അനില് ആന്റണിയുടെ ഡീലുകള് പുറത്ത് വരാനിരിക്കുന്നതേയുള്ളൂവെന്നും നന്ദകുമാര് പറഞ്ഞിരുന്നു. യുപിഎ സര്ക്കാരിന്റെ കാലത്ത് പ്രതിരോധ രേഖകള് വിറ്റ് അനില് ആന്റണി പണം വാങ്ങി. പ്രതിരോധ രേഖകള് ഫോട്ടോസ്റ്റാറ്റെടുത്ത് വില്ക്കുകയായിരുന്നു. താനൊക്കെ ജൂനിയര് ദല്ലാളാണെന്നും അനില് ആന്റണിയാണ് സൂപ്പര് ദല്ലാളെന്നുമായിരുന്നു നന്ദകുമാര് പറഞ്ഞത്.