കൊച്ചി: യെമനില് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയെ നേരിട്ട് കാണാൻ അമ്മ പ്രേമകുമാരിയും മനുഷ്യാവകാശ പ്രവര്ത്തകനായ സാമുവല് ജെറോമും സനയിലെത്തി. നാളെ ജയിലിൽ എത്തി നിമിഷ പ്രിയയെ കാണാൻ ശ്രമിക്കുമെന്നാണ് വിവരം. മകളുടെ മോചനത്തിനായുള്ള ചർച്ചകൾക്ക് വേണ്ടിയാണ് പ്രേമകുമാരി യെമനിലെത്തിയത്. നിമിഷയുടെ മോചനത്തിനായി ഗോത്രതലവൻമാരുമായി ചർച്ച നടത്താൻ തയ്യാറെടുപ്പുകൾ നടത്തിയെന്ന് ഇരുവരും അറിയിച്ചു. യെമനിൽ സ്വാധീനമുള്ള വ്യക്തികളെ മുൻ നിർത്തിയായിരിക്കും ചർച്ച നടക്കുക.
നിമിഷ പ്രിയയെ ജയിലില് സന്ദര്ശിച്ചശേഷം മോചനത്തിനായുള്ള നിര്ണായക ചര്ച്ചകള് ആരംഭിക്കാനാണ് ശ്രമം. കഴിഞ്ഞ ദിവസമാണ് അമ്മയും സഹായിയും യെമനിൽ എത്തിയത്. യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്റെ അനുമതി ലഭിച്ചാല് നിമിഷപ്രിയയെ മോചിപ്പിക്കാനാകും. മോചനാനുമതിക്ക് വേണ്ടി നല്കുന്ന ബ്ലഡ് മണിയുടെ കാര്യത്തില് നിമിഷപ്രിയ ആക്ഷന് കൗണ്സിലും തലാല് അബ്ദു മഹ്ദിയുടെ കുടുംബവും തമ്മില് ചര്ച്ച ചെയ്ത് തീരുമാനത്തിലെത്തിക്കേണ്ടതുണ്ട്. ഏഴ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ മകളെ കാണാനാകുമെന്ന പ്രതീക്ഷയിലാണ് പ്രേമകുമാരി.
യെമന് പൗരനായ തലാല് അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷപ്രിയയെ വധശിക്ഷയ്ക്ക് വിധിച്ചത്. 2017 ജൂണ് 25നായിരുന്നു വധശിക്ഷയ്ക്ക് ആധാരമായ കൊലപാതകം. തലാല് അബ്ദു മഹ്ദിയെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. നിമിഷപ്രിയയുടെ മോചന ശ്രമങ്ങളില് ഇടപെടാന് കേന്ദ്ര സര്ക്കാര് തയ്യാറായിരുന്നില്ല. നേരിട്ട് യെമനിലേക്ക് പോകുന്നതിന് സുരക്ഷാ അനുമതിയും നല്കിയില്ല. ഡല്ഹി ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്ന്നാണ് പ്രേമകുമാരിക്കും സംഘത്തിനും യെമനിലേക്ക് പോകാന് കേന്ദ്ര സര്ക്കാരിന്റെ അനുമതി ലഭിച്ചത്.