കൊച്ചി: സംവിധായകന് ജോഷിയുടെ വീട്ടിലെ കവര്ച്ചാക്കേസ് പ്രതി ഇര്ഫാനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. കുറ്റകൃത്യം നടത്തിയ സ്ഥലത്ത് ഉള്പ്പടെ എത്തിച്ചുള്ള തെളിവെടുപ്പ് പൂര്ത്തിയായ സാഹചര്യത്തിലാണ് പ്രതിയെ ചോദ്യം ചെയ്യുന്നത്. കവര്ച്ചയ്ക്ക് പിന്നില് വന് കണ്ണികള് ഉണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് കൊച്ചി സിറ്റി പൊലീസ് അന്വേഷിക്കുന്നത്.
കവര്ച്ചാക്കേസില് മൂന്ന് ദിവസത്തേക്കാണ് പ്രതിയെ പൊലീസ് കസ്റ്റഡിയില് വിട്ടുകിട്ടിയത്. ഇതില് തെളിവെടുപ്പ് നടപടികള് പൂര്ത്തിയായി. സംവിധായകന് ജോഷിയുടെ കവർച്ച നടന്ന വീട്ടിലുള്പ്പടെ എത്തിച്ചായിരുന്നു തെളിവെടുപ്പ്. ഈ സാഹചര്യത്തിലാണ് വിശദമായ ചോദ്യം ചെയ്യല് നടപടികളിലേക്ക് കടക്കുന്നത്. ഇര്ഫാന് ഒറ്റയ്ക്കല്ല കവര്ച്ച നടത്തിയതെന്നാണ് പൊലീസ് കരുതുന്നത്. ഇര്ഫാന് പിന്നില് കൂടുതല് കണ്ണികളുണ്ടോയെന്നാണ് പൊലീസ് ആദ്യം അന്വേഷിക്കുന്നത്. പ്രതിക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ എന്നതിലേക്കും അന്വേഷണം നീളും. ഇതില് ഫോണ് കോള് രേഖയും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചാകും അന്വേഷണം. വിവിധ കുറ്റകൃത്യങ്ങളില് പ്രതി ഇര്ഫാനുള്ള പങ്കും അന്വേഷിക്കും.
കവര്ച്ചയ്ക്ക് മുന്നോടിയായി പ്രതി ഭക്ഷണം കഴിക്കാനെത്തിയ ഹോട്ടലിലും കാറിന് ഇന്ധനം നിറച്ച പമ്പിലുമെത്തിച്ചായിരുന്നു തെളിവെടുപ്പ്. പിന്നാലെ സംവിധായന് ജോഷിയുടെ വീട്ടിലുമെത്തിച്ച് തെളിവെടുത്തു. തെളിവെടുപ്പ് ഒന്നര മണിക്കൂറിലധികം നീണ്ടു. മൂന്ന് വീടുകളിലെ മോഷണ ശ്രമത്തിന് ശേഷം മതിലുകള് ചാടിക്കടന്ന് പ്രതി മുഹമ്മദ് ഇര്ഫാന് ജോഷിയുടെ വീടിന്റെ പിന്നിലെത്തി. തുടര്ന്ന് ജനാല വഴി അകത്തേക്ക് കടന്നുവെന്നും പ്രതി വിശദീകരിച്ചു. 6 സംസ്ഥാനങ്ങളിലായി 19 മോഷണക്കേസിലെ പ്രതിയാണ് ഇര്ഫാന്.
സംവിധായകന് ജോഷിയുടെ കൊച്ചി പനമ്പള്ളിനഗറിലെ വീട്ടില് നിന്ന് ഒരു കോടി 20 ലക്ഷം രൂപ മൂല്യം വരുന്ന ആഭരണങ്ങള് നഷ്ടമായിരുന്നു. സിസിടിവി ദൃശ്യങ്ങള് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില് പ്രതിയുടെ കാര് കര്ണാടകയിലേക്ക് കടന്നതായി കണ്ടെത്തി. തുടര്ന്ന് കര്ണാടക പൊലീസിന്റെ സഹായത്തോടെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കഴിഞ്ഞ ദിവസം പുലര്ച്ചയോടെ ഉഡുപ്പിയില് നിന്നും കൊച്ചിയിലെത്തിച്ചു. മോഷണം പോയ മുഴുവന് ആഭരണങ്ങളും കണ്ടെത്തിയെന്നതാണ് പൊലീസിനുള്ള പ്രധാന ആശ്വാസം. എങ്കിലും സംസ്ഥാനത്ത് ഇര്ഫാന് ഉള്പ്പെട്ട മറ്റ് വന് കവര്ച്ചകളെ സംബന്ധിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.