'മദ്യവും പണവുമൊഴുക്കി തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം'; യുഡിഎഫിനും ബിജെപിക്കുമെതിരെ സിപിഐഎം

ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാർഥിയുടെ ബന്ധുവും പ്രമുഖ അബ്കാരിയുമായ വ്യവസായി വോട്ടർമാരെ സ്വാധീനിക്കാൻ വീടുകൾ കയറിയിറങ്ങിയെന്നും സിപിഐഎം

dot image

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയം മണത്ത യുഡിഎഫും ബിജെപിയും മദ്യവും പണവുമൊഴുക്കിയും അക്രമം നടത്തിയും തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് സിപിഐഎം. ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാർഥിയുടെ ബന്ധുവും പ്രമുഖ അബ്കാരിയുമായ വ്യവസായി വോട്ടർമാരെ സ്വാധീനിക്കാൻ വീടുകൾ കയറിയിറങ്ങിയെന്നും സിപിഐഎം പ്രസ്താവനയിലൂടെ ആരോപിച്ചു.

തിരഞ്ഞെടുപ്പ് പ്രചരണം അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോൾ എൽഡിഎഫ് തരംഗമാണ് കാണാനാകുന്നത്. പരാജയമുറപ്പിച്ച സാഹചര്യത്തിൽ യുഡിഎഫും ബിജെപിയും തെറ്റിദ്ധാരണ പരത്തുന്ന വ്യാജ വീഡിയോ അടക്കം പ്രചരിപ്പിക്കുകയാണ്. കള്ളപ്രചരണത്തിലൂടെ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കത്തെ സമാധാനപൂർവ്വം ചെറുക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.

സമൂഹ മാധ്യമങ്ങളിലൂടെ എൽഡിഎഫ് സ്ഥാനാർഥികളെ അധിക്ഷേപിക്കാനും അശ്ലീലം പടർത്തി ആളുകളെ തെറ്റിദ്ധരിപ്പിക്കാനുമുള്ള നീക്കം യുഡിഎഫ് കേന്ദ്രങ്ങൾ നേരത്തെ തുടങ്ങിയിരുന്നു. പ്രകോപനം സൃഷ്ടിച്ച് അക്രമത്തിനുള്ള ഗൂഢാലോചനയും യുഡിഎഫും ബിജെപിയും നടത്തുന്നുണ്ട്. പ്രകോപനത്തിൽ വീണുപോകാതെ വോട്ടെടുപ്പ് പൂർത്തിയാക്കാനും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായ അവസാന വോട്ടും ഉറപ്പിക്കാനും പ്രവർത്തകർ ജാഗ്രത പുലർത്തണം. കള്ളവോട്ടിനുള്ള ശ്രമത്തെയും ജാഗ്രതയോടെ തടയാനാകണം. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനായി ലക്ഷക്കണക്കിന് രൂപയാണ് ബിജെപിയും യുഡിഎഫും സംഭരിച്ചിരിക്കുന്നത്.

ശക്തമായ വർഗ്ഗീയപ്രചരണങ്ങളും ഇനിയുള്ള ദിവസങ്ങളിൽ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഉയർന്നുവന്നേക്കും.പ്രധാനമന്ത്രി തന്നെ അതിന് നേതൃത്വം നൽകുകയാണ്. ഇത്തരം പ്രചരണങ്ങളെയും ഇടപെടലുകളെയും ഉറച്ച മതനിരപേക്ഷ നിലപാടിൽ നിന്നുകൊണ്ട്പ്രതിരോധിക്കാൻ സാധിക്കണം. പണക്കൊഴുപ്പിലും വർഗ്ഗീയ - കള്ള പ്രചരണങ്ങളിലും വീണുപോകാതെ എൽഡിഎഫ് സ്ഥാനാർഥികൾക്ക് ചരിത്ര ഭൂരിപക്ഷം നൽകാനുള്ള പ്രവർത്തനങ്ങളിൽ മുഴുകണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിലൂടെ അഭ്യർത്ഥിച്ചു.

20 കോടി തൊഴിലവസരങ്ങൾ എവിടെ,കർഷകന്റെ വരുമാനം ഇരട്ടിയാക്കിയോ? മോദിയുടെ വാഗ്ദാനങ്ങൾ പൊള്ളയെന്ന് ഖാർഗെ
dot image
To advertise here,contact us
dot image