തിരുവനന്തപുരം: ആറ്റിങ്ങലിൽ ബിജു രമേശിനെ തടഞ്ഞ സംഭവത്തില് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ പ്രതികരണത്തിൽ മറുപടിയുമായി യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ്. വാഹനത്തിൽ നിന്ന് പണം കണ്ടെത്തിയിട്ടില്ല എന്ന് ഉത്തരവാദപ്പെട്ട ചുമതലക്കാരൻ ആണ് ഇപ്പോൾ റിപ്പോർട്ട് നൽകിയത്. താൻ പണം കൊടുത്ത് ആളുകളെ നിർത്തിയതല്ല. സ്വഭാവികമായി വന്ന ആളുകളാണ് ഒപ്പമുള്ളതെന്നും അടൂർ പ്രകാശ് പറഞ്ഞു. ആരോപണം ജനം തള്ളിയത് കൊണ്ടാണ് അവർ ഇപ്പോഴും തനിക്കൊപ്പം നിൽക്കുന്നതെന്നും അടൂർ പ്രകാശ് പ്രതികരിച്ചു.
എന്നാല് അടൂർ പ്രകാശിനെതിരെ കൂടുതൽ ആരോപണങ്ങളുമായി എല്ഡിഎഫ് സ്ഥാനാർത്ഥി വി ജോയിയും രംഗത്തെത്തി. തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞത് പോലെ വാഹനത്തിൽ നിന്ന് പണം കണ്ടെത്തിയിട്ടില്ല എന്നത് സത്യമാണ്. എന്നാല് രണ്ട് ബൈക്കുകളിലായി നാല് പേർ എത്തിയിരുന്നു. അവരുടെ കൈവശം ആയിരുന്നു പണം. കാർ പിടിച്ചതോടെ അവർ രക്ഷപ്പെടുകയായിരുന്നു. ഇപ്പോൾ ഉരുണ്ടു കളിച്ചിട്ട് കാര്യമില്ല. സ്വഭാവികമായി ഉദ്യോഗസ്ഥർ നോക്കിയപ്പോള് പണം ലഭിച്ചില്ലെന്നും വി ജോയ് ആരോപിച്ചു.
അവർ വന്നത് ഡീൽ ഉറപ്പിക്കാനായിരുന്നുവെന്നും ഡീൽ ഉറപ്പിച്ചതിനു ശേഷം ബൈക്കിലെത്തിയ സംഘം പണം നല്കുമായിരുന്നുവെന്നും വി ജോയ് പറഞ്ഞു. ബൈക്കിലെത്തിയ സംഘത്തെ കുറിച്ച് കൃത്യമായി മനസിലാക്കിയാൽ പരാതി നൽകുമെന്നും വി ജോയ് പ്രതികരിച്ചു.
യുഡിഎഫിനായി പണം വിതരണം ചെയ്തെന്ന് ആരോപിച്ച് വ്യവസായി ബിജു രമേശിനെ ആറ്റിങ്ങലില് എൽഡിഎഫ് പ്രവർത്തകർ തടഞ്ഞുവെച്ചിരുന്നു. കോളനി നിവാസികൾക്ക് പണം കൈമാറിയെന്നായിരുന്നു എൽഡിഎഫിന്റെ ആരോപണം. എന്നാല് വാഹനത്തില് നിന്ന് പണം കണ്ടെത്താന് കഴിഞ്ഞില്ല എന്നായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ റിപ്പോർട്ട്.