സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിക്ക് തുടർച്ചയായ മൂന്നാം ദിവസവും ഇ ഡി നോട്ടീസ്; ഇന്ന് ഹാജരാകണം

ഇന്ന് തന്നെ ഹാജരാകണം എന്ന കടുത്ത നിലപാടാണ് ഇ ഡി സ്വീകരിച്ചിരിക്കുന്നത്

dot image

കൊച്ചി: കരുവന്നൂർ കള്ളപ്പണ കേസിൽ ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൻ്റെ നോട്ടീസ്. തിരഞ്ഞെടുപ്പ് പ്രചാരണ തിരക്ക് ചൂണ്ടി കാട്ടി എം എം വർഗീസ് കഴിഞ്ഞ രണ്ട് ദിവസവും ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇ ഡി വീണ്ടും നോട്ടീസ് നൽകിയിരിക്കുന്നത്.

സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞടുപ്പിന്റെ വോട്ടെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെയാണ് ഇഡി സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും നോട്ടീസ് നൽകിയിരിക്കുന്നത്. തുടർച്ചയായ മൂന്നാം ദിവസമാണ് ഇ ഡി എം എം വർഗീസിന് നോട്ടീസ് നൽകിയിരിക്കുന്നത്. ഇന്ന് രാവിലെ പത്ത് മണിക്ക് കൊച്ചിയിലെ ഓഫീസിൽ ഹാജരാകണമെന്നാണ് നോട്ടീസിലെ ആവശ്യം.

തിരഞ്ഞെടുപ്പ് തിരക്കിലാണെന്നും ഹാജരാകാൻ കഴിയില്ലെന്നുമായിരുന്നു തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നൽകിയ നോട്ടീസിന് മറുപടിയായി എം എം വർഗീസ് ഇ ഡിയെ അറിയിച്ചിരുന്നത്. വോട്ടെടുപ്പിന് ശേഷം ഹാജരാകാമെന്നും അറിയിച്ചിരുന്നു. എന്നാൽ ഈ ആവശ്യം തള്ളിയാണ് തുടർച്ചയായ മൂന്നാം ദിവസവും ഇ ഡി എം എം വർഗ്ഗീസിന് നോട്ടീസ് നൽകിയിരിക്കുന്നത്. ഇന്ന് തന്നെ ഹാജരാകണം എന്ന കടുത്ത നിലപാടാണ് ഇ ഡി സ്വീകരിച്ചിരിക്കുന്നത്. ഇത് ആറാം തവണയാണ് എം എം വർഗീസിനെ ഇഡി ചോദ്യം ചെയ്യാനൊരുങ്ങുന്നത്. സിപിഐഎമ്മിന്റെ തൃശൂരിലെ ബാങ്ക് അക്കൗണ്ടുകൾ, സ്വത്തുക്കൾ തുടങ്ങിയവയുടെ രേഖകൾ നൽകാനാണ് വർഗീസിനോട് ഇഡി ആവശ്യപ്പെടുന്നത്.

നേരത്തെ സിപിഐഎം ജില്ലാ സെക്രട്ടറി എം എം വർഗീസിനെ ചോദ്യം ചെയ്യുന്ന ദിവസം തന്നെ തൃശ്ശൂർ ബാങ്ക് ഓഫ് ഇന്ത്യയിൽ ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം പരിശോധന നടത്തുകയും സിപിഐഎം തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് പരിശോധിക്കുകയും ചെയ്തിരുന്നു. അഞ്ച് കോടി 10 ലക്ഷം രൂപ ഉണ്ടായിരുന്ന അക്കൗണ്ട് ആദായനികുതി വകുപ്പ് മരവിപ്പിച്ചു. അക്കൗണ്ടിൽ നിന്ന് ഒരു കോടി രൂപ ഏപ്രിൽ രണ്ടിന് പിൻവലിച്ചിട്ടുണ്ടെന്ന് ഇഡി കണ്ടെത്തിയിരുന്നു. പിൻവലിച്ച തുക ചെലവഴിക്കരുത് എന്ന നിർദ്ദേശവും ആദായ നികുതി വകുപ്പ് നൽകിയിരുന്നില്ല. ബാങ്ക് ഓഫ് ഇന്ത്യയിൽ ഈ അക്കൗണ്ട് ഉള്ള കാര്യം ആദായ നികുതി വകുപ്പിനെ അറിയിച്ചിരുന്നില്ല എന്നാണ് ഇ ഡി വാദം. ബാങ്ക് അക്കൗണ്ട് സംബന്ധിച്ച് ഒന്നും ഒളിപ്പിക്കാനില്ലെന്നായിരുന്നു എം എം വർഗീസിൻ്റെ പ്രതികരണം. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതിനെതിരെ സിപിഐഎം സംസ്ഥാന നേതൃത്വവും വിമർശനം ഉന്നയിച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us