തിരുവനന്തപുരം: സൗദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തിൽ ഉടൻ തീരുമാനമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. പൊതുജനങ്ങൾ സംഭാവന നൽകുന്ന പണം ഇന്ത്യൻ ഗവൺമെന്റിന്റെ അക്കൗണ്ടിലേക്ക് സ്വീകരിക്കുന്നത് ഭരണഘടന അനുവദിക്കുന്നില്ല. വന്ന പണത്തിന്റെയും കൊടുത്ത പണത്തിന്റെയും കണക്കുകൾ സൂക്ഷിക്കാൻ വിദേശകാര്യമന്ത്രാലയത്തിന് കഴിയില്ല. സൗദിയിലെ പ്രവാസി സംഘടനകളുമായി ചർച്ച ചെയ്ത് സ്വീകാര്യമായ പരിഹാരത്തിലേക്ക് എത്തുമെന്നും വി മുരളീധരൻ റിപ്പോർട്ടറിനോട് പറഞ്ഞു.
കോഴിക്കോട് കോടമ്പുഴ മച്ചിലകത്ത് പീടിയേക്കല് വീട്ടില് അബ്ദുറഹീം തന്റെ 26ാം വയസ്സില് 2006-ലാണ് ഹൗസ് ഡ്രൈവര് വിസയില് റിയാദില് എത്തിയത്. സ്പോണ്സര് ഫായിസ് അബ്ദുല്ല അബ്ദുറഹ്മാന് അല് ഷഹ്രിയുടെ മകന് അനസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത അനസിന് ഭക്ഷണം നല്കിയിരുന്നത് കഴുത്തില് ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. 2006 ഡിസംബര് 24-നാണ് അബ്ദുറഹീമിന്റെ കൂടെ വാനില് യാത്ര ചെയ്യുകയായിരുന്ന അനസ് മരിച്ചത്.
ഷോപ്പിംഗിനായി പുറത്തു പോകുമ്പോള് ട്രാഫിക് സിഗ്നല് കട്ട് ചെയ്യാന് ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു. ഇത് അനുസരിക്കാതിരുന്ന അബ്ദുറഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാന് ശ്രമിച്ചപ്പോള് അബദ്ധത്തില് കൈ കഴുത്തിലെ ഉപകരണത്തില് തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയും ചെയ്തു. ഇതോടെ ഭയന്നു വിറച്ച റഹീം ബന്ധുവായ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് നസീറിനെ വിളിച്ച് വരുത്തി.
കവര്ച്ച സംഘം റഹീമിനെ ബന്ധിയാക്കി അനസിനെ ആക്രമിച്ചു എന്ന രീതിയില് ഇരുവരും ചേര്ന്ന് കള്ളക്കഥയുണ്ടാക്കി. റഹീമിനെ സീറ്റില് കെട്ടിയിട്ടു പൊലീസിനെ വിവരം അറിയിച്ചു. എന്നാല്, പൊലീസിന്റെ ചോദ്യം ചെയ്യലില് സംഭവം കള്ളക്കഥയാണെന്ന് ബോധ്യപ്പെടുകയും ഇരുവരെയും കസ്റ്റഡിയില് എടുക്കുകയും ചെയ്തു. പത്ത് വര്ഷത്തിന് ശേഷം നസീറിന് ജാമ്യം ലഭിച്ചു. റഹീം വധ ശിക്ഷയും കാത്ത് 16 വര്ഷമായി അല്ഹായിര് ജയിലില് തുടരുകയാണ്.