5 മണിക്കൂര് ഒരുമിച്ച്, ഉച്ചഭക്ഷണം കഴിച്ചു; ജയിലില് മകളെ കണ്ട് കണ്ണീരടക്കാനാവാതെ നിമിഷയുടെ അമ്മ

വികാരനിർഭരമായിരുന്നു സന ജയിലിലെ ആ അഞ്ച് മണിക്കൂർ

dot image

ഒരു വ്യാഴവട്ടക്കാലം സ്വന്തം മകളെ കാണാതിരുന്നുവെന്ന് മാത്രമല്ല, അവൾ അനുഭവിക്കുന്ന യാതനകളോർത്ത് മനമുരുകിയാണ് പ്രേമകുമാരി കഴിഞ്ഞത്. ഒടുവിൽ 12 വര്ഷങ്ങള്ക്ക് ശേഷം ഇന്നലെ മകൾ നിമിഷ പ്രിയയെ കണ്ടു. യമനിലെ ജയിലിൽ വധശിക്ഷ കാത്തുകഴിയുന്ന മകളെ ഇനി ഒരിക്കൽ കൂടി കാണാൻ കഴിയുമെന്ന് ആ അമ്മ കരുതിക്കാണില്ല. കണ്ടതും തന്റെ മകൾ ഓടി വന്ന് കെട്ടിപ്പിടിച്ചു, താൻ പൊട്ടിക്കരഞ്ഞുപോയെന്നാണ് പ്രേമകുമാരി പറയുന്നത്. മകളെ കണ്ട നിമിഷത്തെ കുറിച്ച് പറയാൻ പോലും അവർക്കാകുന്നില്ല. അഞ്ച് മണിക്കൂറോളം അവർ നിമിഷയ്ക്കൊപ്പം ജയിലിൽ സമയം ചിലവഴിച്ചു. വികാരനിർഭരമായിരുന്നു സന ജയിലെ ആ അഞ്ച് മണിക്കൂർ.

യെമൻ സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന മകൾക്ക് വേണ്ടി പ്രേമകുമാരി മുട്ടാത്ത വാതിലുകളില്ല. വിളിക്കാത്ത ദൈവങ്ങളില്ല. ഇപ്പോഴും മോചനം സാധ്യമാകുമെന്ന് പൂർണ്ണമായും ഉറപ്പായിട്ടില്ല. എങ്കിലും പ്രതീക്ഷയുടെ ചെറിയ വെട്ടം ആ അമ്മയുടെ മനസ്സിലിപ്പോഴുമുണ്ട്. മകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ അവർ നടത്തിയ നിരന്തരമായ ശ്രമത്തിന്റെ ഫലമാണ് ഇന്നലെ ലഭിച്ച ആ അഞ്ച് മണിക്കൂർ. ജയിലിലുള്ളവർ നല്ലവരാണെന്നും മകളെ കണ്ട് സംസാരിക്കാനും ഒരുമിച്ച് ഉച്ചഭക്ഷണം കഴിക്കാനും അനുവദിച്ചുവെന്നും നിമിഷയെ കണ്ടിറങ്ങിയ ശേഷം പ്രേമകുമാരി പറഞ്ഞു. കാണാൻ കഴിയുമെന്ന് കരുതിയതല്ല, എന്നാൽ അവളെ കാണാൻ സാധിച്ചു. ജയിൽ അധികൃതർ എല്ലാ സഹായവും ചെയ്ത് തന്നു. എല്ലാവർക്കും നന്ദി പറഞ്ഞാണ് സനയിലെ ജയിലിൽ നിന്ന് മകളെ കണ്ട് പ്രേമകുമാരി ഇറങ്ങിയത്.

ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരായ നാഫയ്ക്കും ദുഹയ്ക്കും മനുഷ്യാവകാശ പ്രവർത്തകൻ സാമുവൽ ജറോമിനുമൊപ്പമാണ് നിമിഷയെ കാണാൻ പ്രേമകുമാരി സനയിലെ ജയിലിലെത്തിയത്. ജയിലിൽ നിമിഷ പ്രിയയെ കാണാൻ പ്രത്യേക മുറിയിൽ സൗകര്യമൊരുക്കിയിരുന്നു. ജയിലിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവാദമില്ല. ഇരുവരും ഒരുമിച്ചുള്ള നിമിഷം അതിവൈകാരികമായിരുന്നുവെന്നാണ് സാമുവൽ ജെറോം പറയുന്നത്. അമ്മയ്ക്കും മകൾക്കും തനിച്ചിരിക്കാൻ സമയം നൽകി പുറത്തിറങ്ങിയെന്നും ഉച്ചഭക്ഷണം എത്തിച്ച് നൽകിയെന്നുമെല്ലാം പിന്നീട് സാമുവൽ ജെറോം പ്രതികരിച്ചിരുന്നു.

പ്രാദേശിക സമയം ഉച്ചയ്ക്ക് 12.30 യോടെയാണ് സംഘം ജയിലിലെത്തിയത്. വൈകിട്ട് അഞ്ചരവരെ മകൾക്കൊപ്പം പ്രേമകുമാരി ചിലവഴിച്ചു. വർഷങ്ങൾക്ക് ശേഷം നിമിഷയ്ക്കൊപ്പം പ്രേമകുമാരി ഉച്ചഭക്ഷണം കഴിച്ചു. ഇറങ്ങാൻ നേരം മകൾ തന്നെ ആശ്വസിപ്പിച്ചുവെന്ന് ഈറൻ കണ്ണുകളോടെ അവർ പറയുന്നുണ്ട്. എല്ലാം ശരിയാകുമെന്ന് നിമിഷ പറയുമ്പോഴും ജയിലിന് പുറത്ത് എല്ലാം ശരിയാക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് അവർ. സേവ് നിമിഷ പ്രിയ എന്ന പേരിൽ ആരംഭിച്ച ആക്ഷൻ കൗൺസിലിന്റെ കോർ കമ്മിറ്റി യോഗത്തിലും പ്രേമകുമാരി പങ്കെടുത്തു.

കൊല്ലപ്പെട്ട യെമന് പൗരന് തലാല് അബ്ദുമഹ്ദിയുടെ കുടുംബം ബ്ലഡ് മണി സ്വീകരിക്കാൻ തയ്യാറായാൽ നിമിഷയ്ക്ക് വധശിക്ഷയിൽ ഇളവ് ലഭിക്കുമെന്ന് യെമനിലെ പരമോന്നത കോടതി അറിയിച്ചിട്ടുണ്ട്. ഇതാണ് പ്രേമകുമാരിയുടെ അവസാന കച്ചിത്തുരുമ്പ്. തലാലിന്റെ കുടുംബവുമായി സംസാരിച്ച് ബ്ലഡ് മണി സ്വീകരിക്കാൻ തയ്യാറാകുമോ എന്ന് ശ്രമിച്ചുനോക്കുക മാത്രമാണ് ഇനി മുന്നിലെ വഴി. അടഞ്ഞ വാതിലുകൾക്ക് മുന്നിൽ നിരന്തരം കാത്തിരുന്ന് ഒടുവിൽ സനയിലെ ജയിലിൽ വരെ എത്തിയ പ്രേമകുമാരി ഈ അവസാന ശ്രമവും വിജയിക്കുമെന്ന പ്രതീക്ഷയിലാണ്.

2012ലാണ് നിമിഷയും അമ്മയും അവസാനമായി കണ്ടത്. യെമനിലേക്ക് പോയ നിമിഷ പിന്നീട് മടങ്ങി വന്നില്ല. 2017 ജൂണ് 25നായിരുന്നു വധശിക്ഷയ്ക്ക് ആധാരമായ കൊലപാതകം നടന്നത്. യെമന് പൗരനായ തലാല് അബ്ദു മഹ്ദിയെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയെന്നതാണ് കേസ്. യെമനിലെ പരമോന്നത കോടതിയായ സുപ്രീം ജുഡീഷ്യല് കൗണ്സില് നിമിഷപ്രിയയുടെ വധശിക്ഷ കഴിഞ്ഞ നവംബറില് ശരിവെച്ചു. തലാലിനെ വിഷം കുത്തിവച്ച് കൊന്ന് കഷണങ്ങളാക്കി താമസിക്കുന്ന വീടിന്റെ വാട്ടർടാങ്കിൽ ഒളിപ്പിക്കുകയായിരുന്നു നിമിഷയും സുഹൃത്തും യെമൻ സ്വദേശിയുമായ ഹാനും. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്താണ് തലാൽ നിമിഷയുമായി സൗഹൃദം സ്ഥാപിക്കുന്നത്. പിന്നീട് പാസ്പോർട്ട് പിടിച്ചെടുത്ത് ഭാര്യയാക്കി വയ്ക്കാൻ ശ്രമിച്ചതോടെയാണ് കാര്യങ്ങൾ മാറിയത്. പലതവണയായി ക്രൂരമായ പീഡനത്തിനിരയായ നിമിഷ ഒടുവിൽ തലാലിനെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. ഹാനിന്റെ സഹായത്തോടെ അമിത ഡോസ് മരുന്നു കുത്തിവച്ചതാണ് തലാലിന്റെ മരണത്തിനിടയാക്കിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us