കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പില് കേരളത്തില് നിന്ന് തൃശൂരെന്ന ഒറ്റ സീറ്റ് നല്കിയാല് പകരം ലാവ്ലിന് കേസ് ഒഴിവാക്കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തുവെന്ന് ദല്ലാള് നന്ദകുമാര്. താനുമായുള്ള ഇ പി ജയരാജന്റെ കൂടിക്കാഴ്ചയ്ക്കിടെ അപ്രതീക്ഷിതമായി പ്രകാശ് ജാവദേക്കര് വന്നു. അദ്ദേഹം വരുമെന്ന് ഇപിക്ക് അറിയില്ലായിരുന്നു. ഈ ആവശ്യങ്ങള് ജാവദേക്കര് അവതരിപ്പിച്ചു.
എന്നാല് തൃശൂരിലെ സീറ്റ് സിപിഐയ്ക്കാണെന്ന് ഇപി വ്യക്തമാക്കി. പിണറായി വിജയന്റെ രക്ഷകനായാണ് ഇപി എത്തിയതെന്നും നന്ദകുമാര് പറഞ്ഞു. സുരേഷ് ഗോപിയെ എങ്ങനെയും ജയിപ്പിക്കണമെന്നായിരുന്നു ആവശ്യം. ഡൽഹിയിലെ ജാവദേക്കറിന്റെ വീട്ടിൽ വെച്ച് അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്താമെന്ന് പറഞ്ഞുവെന്നും നന്ദകുമാർ കൂട്ടിച്ചേര്ത്തു.
കഴിഞ്ഞ വർഷമാണ് കൂടിക്കാഴ്ച നടന്നത്. എന്നാൽ തീയതി ഓർമ്മയില്ല. ഇ പി ജയരാജനോട് സംസാരിച്ച ശേഷമാണ് ഇന്ന് ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും നന്ദകുമാർ വ്യക്തമാക്കി. കെ സുധാകരൻ ബിജെപിയിലേക്ക് പോകാൻ തീരുമാനം എടുത്തിരുന്നുവെന്ന് ജാവദേക്കർ പറഞ്ഞു. കെ പി സിസി പ്രസിഡന്റ് ആയതിനാൽ ശ്രമം പാളി കെ മുരളീധരൻ, പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല എന്നിവരുമായും ചർച്ച നടത്തിയിട്ടുണ്ടെന്നും നന്ദകുമാർ നന്ദകുമാർ ആരോപിച്ചു
അതേസമയം ശോഭാ സുരേന്ദ്രനുമായുള്ള പണമിടപാടിലും നന്ദകുമാര് പ്രതികരിച്ചു. ശോഭ സുരേന്ദ്രന് ഭൂമി വാങ്ങാനാണ് 10 ലക്ഷം രൂപ നൽകിയത്. രേഖകൾ പരിശോധിച്ചപ്പോൾ ചിലത് കുറവ് ഉണ്ടെന്ന് മനസിലായി. ഈ രേഖകൾ വേണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചു. ശോഭയുടെ നാമനിർദേശ പത്രികയിൽ ഈ സ്വത്ത് കാണുന്നില്ല. അഞ്ച് ലക്ഷം രൂപ നിരക്കിൽ 52 സെന്റ് നൽകാമെന്നാണ് പറഞ്ഞത്. ശോഭ ക്രൈം നന്ദകുമാർ വഴി സംസാരിച്ചു. തന്നെ സംസ്ഥാന പ്രസിഡന്റ് ആക്കാതിരിക്കാൻ കെ സുരേന്ദ്രനും വി മുരളീധരനും ബി എൽ സന്തോഷും ഇടപെട്ടുവെന്ന് ശോഭ പറഞ്ഞുവെന്നും ദല്ലാൾ നന്ദകുമാർ പറഞ്ഞു.