പാലക്കാട്: ആലത്തൂരിലെ എൽഡിഎഫ് സ്ഥാനാർഥി കെ രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധങ്ങൾ കണ്ടെത്തിയതായി യുഡിഎഫ്. ഇന്നലെ കൊട്ടിക്കലാശം കഴിഞ്ഞുപോകുന്ന വാഹനവ്യൂഹത്തിലായിരുന്നു ആയുധങ്ങൾ ഉണ്ടായിരുന്നത്. ചേലക്കര മണ്ഡലത്തിൽ ആയുധങ്ങളുമായി പോകുന്ന വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ യുഡിഎഫ് പുറത്തുവിട്ടു. പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളെന്നാണ് സിപിഐഎം നൽകുന്ന വിശദീകരണം.
സിസിടിവി ദൃശ്യങ്ങളിലുള്ളവരെ വിളിപ്പിച്ചിട്ടുണ്ടെന്ന് ചേലക്കര പൊലീസ് പറഞ്ഞു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണിതെന്നും ക്രിമിനൽ പാശ്ചാത്തലത്തിൽ ഉള്ളവരെ ജയിലിൽ സന്ദർശിച്ച ആളാണ് സ്ഥാനാർത്ഥിയെന്നുമാണ് യുഡിഎഫ് ആരോപിക്കുന്നത്. സിപിഐഎമ്മും എൽഡിഎഫും ആലത്തൂരിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം നടത്തുന്നുവെന്ന് യുഡിഎഫ് സ്ഥാനാർഥിയായ രമ്യ ഹരിദാസ് റിപ്പോർട്ടിനോട് പ്രതികരിച്ചു.
ഇത് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. കണ്ണൂരുപോലെ ബോംബും മാരകായുധങ്ങളുമായി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് പോകുന്ന ആളുകൾ ഇത് ആലത്തൂരിലേക്കും എത്തിക്കാനാണ് ശ്രമം നടത്തുന്നതെന്നും രമ്യ ആരോപിച്ചു.