കൊച്ചി: വോട്ട് ചെയ്യുമ്പോള് മണിപ്പൂര് കലാപം മറക്കരുതെന്ന് ഓര്മിപ്പിച്ച് ക്രൈസ്തവ അധ്യക്ഷന്മാര്. രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കണമെന്ന് ക്രൈസ്തവ സഭാ അധ്യക്ഷന്മാര് വോട്ടര്മാരെ ഓര്മിപ്പിച്ചു. മണിപ്പൂര് സംഭവം തിരഞ്ഞെടുപ്പില് പ്രതിഫലിക്കുമെന്നും സഭ മേധാവികള്.
സമദൂരത്തില് നിന്ന് ശരി ദൂരം എന്നാണ് രാഷ്ട്രീയ നിലപാട് വേണ്ടതെന്ന് ലത്തീന് അതിരൂപത വികാരി ജനറല് യൂജിന് പെരേര പറഞ്ഞു. സഭ ഉന്നയിച്ച പ്രശ്നങ്ങള് പരിഹരിക്കപ്പെടണം. മത്സ്യ തൊഴിലാളികളെ സംരക്ഷിക്കുന്നവര്ക്ക് വോട്ട് നല്കും. സഭയുടെ അക്കൗണ്ട് മരവിപ്പിച്ചതടക്കം ചര്ച്ചയാകുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്ക്കും തുല്യതയും സുരക്ഷിതത്വവും കിട്ടുന്ന മതേതര നാടാണിത്. ആ നാടിന്റെ സര്ക്കാരും അങ്ങനെയാവണമെന്നും സീറോ മലബാര് സഭ മേജര് ആര്ച്ച് ബിഷപ്പ് മാര് റാഫേല് തട്ടില് അഭിപ്രായപ്പെട്ടു.
ഭരണഘടനയ്ക്കും മതേതര സ്വഭാവത്തിനും മതസൗഹാര്ദത്തിനും നേതൃത്വം നല്കാന് കഴിയുന്നവര്ക്ക് വോട്ട് ചെയ്യണമെന്ന് സിബിസിഐ പ്രസിഡന്റ് ആന്ഡ്രൂസ് താഴത്ത്. മണിപ്പൂര് ഇപ്പോഴും ഹൃദയത്തില് നോവായി നില്ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ഐശ്വര്യത്തിന് വേണ്ടി വോട്ട് രേഖപെടുത്തിയെന്ന് കര്ദിനാള് മാര് ബസേലിയോസ് ക്ലിമിസ് കാതോലിക്ക ബാവ പറഞ്ഞു.