തൃശൂര്: തട്ടിപ്പ് കേസില് മുഖ്യപ്രതി അറസ്റ്റില്. മൈ ക്ലബ് ട്രേഡ്സ് എന്ന ഓൺലൈൻ ആപ്പ് വഴി തൃശൂർ ജില്ലയിൽ അഞ്ച് കോടി രൂപ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയാണ് അറസ്റ്റിലായത്. ചേറ്റുപുഴ കണ്ണപുരം സ്വദേശിയായ വെള്ളാട്ട് വീട്ടിൽ പ്രവീൺ മോഹൻ (46) എന്നയാളെയാണ് തൃശൂർ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. എംസിടി എന്ന ഓൺലൈൻ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരനും പ്രൊമോട്ടറും നിയമോപദേശകനും ആയിരുന്നു പ്രതിയായ പ്രവീൺ മോഹൻ എന്ന് പൊലീസ് പറഞ്ഞു. കേരളത്തിലെ വിവിധ ജില്ലകൾ കേന്ദ്രീകരിച്ചാണ് പ്രതി തട്ടിപ്പുകൾ നടത്തിയത്.
256 ദിവസം കൊണ്ട് നിക്ഷേപിച്ച പണം ഇരട്ടിയായി തിരികെ നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ആളുകളിൽ നിന്ന് നേരിട്ട് പണം സ്വീകരിച്ചായിരുന്നു പ്രവീൺ തട്ടിപ്പ് നടത്തിയിരുന്നത്. എംസിടിയിൽ പണം നിക്ഷേപിക്കുമ്പോൾ ആളുകളുടെ മൊബൈൽ ഫോണിൽ പണത്തിന് തുല്യമായി ഡോളർ കാണിച്ചിരുന്നു.
കേരളത്തിലെ വിവിധ ഹോട്ടലുകൾ, ടൂറിസ്റ്റ് ഹോമുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രൊമോഷൻ ക്ലാസുകൾ നടത്തി ആളുകളെ ആകർഷിച്ചായിരുന്നു നിക്ഷേപം സ്വീകരിച്ചത്. ഇയാള്ക്കെതിരെ തൃശൂർ സിറ്റി സ്റ്റേഷനുകളിൽ മാത്രം 29 കേസുകൾ ആണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസുകളിൽ ജാമ്യം ലഭിക്കുന്നതിനായി ജില്ലാ സെഷൻസ് കോടതി, കേരള ഹൈക്കോടതി എന്നിവിടങ്ങളിൽ നൽകിയ ജാമ്യ ഹർജി തള്ളിയിരുന്നു. സുപ്രീം കോടതിയിൽ നൽകിയ ജാമ്യ ഹർജിയും തള്ളിയതോടെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.
'നിങ്ങളുടെ മക്കളുടെ സ്വത്ത് മുസ്ലിങ്ങള്ക്ക് നല്കും'; വിദ്വേഷം ആവര്ത്തിച്ച് അനുരാഗ് താക്കൂറും