തൃശൂർ: കേന്ദ്രമന്ത്രിയാകാനില്ല, എംപിയാകാനാണ് താൻ തൃശൂരിൽ വന്നിരിക്കുന്നതെന്ന് എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. തൃശൂരിനൊരു കേന്ദ്ര മന്ത്രി എന്ന പ്രചരണം തള്ളിയാണ് സുരേഷ് ഗോപിയുടെ പ്രതികരണം. എംപി എന്ന നിലയ്ക്ക് കഴിഞ്ഞ പത്ത് വർഷം ഇവരൊക്കെ എന്ത് വാഗ്ദാനം പാലിച്ചു?. അഴിമതിയും അർഹരല്ലാത്തവർക്ക് ആനുകൂല്യങ്ങൾ നൽകുകയുമായിരുന്നില്ലേ എന്ന് സുരേഷ് ഗോപി ചോദിച്ചു.
താൻ എംപിയാകാനാണ് വന്നിരിക്കുന്നത്. മന്ത്രിയാവണമെന്നില്ല. കേന്ദ്ര മന്ത്രിയേക്കാൾ മികച്ച രീതിയിൽ പ്രവർത്തിക്കാനുള്ള സംവിധാനം പാർട്ടിക്കുണ്ട്. ഒരു മന്ത്രി എന്ന നിലയ്ക്ക് തനിക്ക് കേരളത്തിൽ എന്തെല്ലാം ചെയ്യാനാണോ ആഗ്രഹമുള്ളത് അതിന്റെ 25 ശതമാനമെങ്കിലും സാധ്യമാക്കിത്തരുന്ന അഞ്ച് വകുപ്പ് മന്ത്രിമാരെ ചൊൽപ്പടിക്ക് വിട്ടുതരണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചൊൽപ്പടി എന്നാൽ ജനങ്ങളുടെ ചൊൽപ്പടിയാണെന്നും തന്റെ വോട്ടർമാരുടെ ചൊൽപ്പടിയാണെന്നും സുരേഷ് ഗോപി പറഞ്ഞു.
ക്രോസ് വോട്ടിങ് തിരിച്ചടിയാകില്ല. ഈശ്വര വിശ്വാസിയായ തനിക്ക് യാതൊരു ആകുലതയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ കൂടെ മത്സരിക്കുന്നതാരാണെന്ന് പോലും അറിയില്ല. അത് താൻ നോക്കിയിട്ടില്ല. ആരാണ് ഒപ്പം മത്സരിക്കുന്നത് എന്ന് അറിയേണ്ട ആവശ്യം തനിക്കില്ല. തന്നെ തന്നെ അവതരിപ്പിക്കുകയാണ് ചെയ്തത്. തന്നെ ജയിപ്പിച്ചാലുള്ള ഗുണം എന്താണെന്ന് അവതരിപ്പിക്കുകയാണ് തൃശൂരിൽ ചെയ്തതെന്നും സുരേഷ് ഗോപി പറഞ്ഞു.