കണ്ണൂര്: ഇ പി ജയരാജന് വിഷയത്തില് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് സിപിഐഎം കണ്ണൂര് ജില്ല സെക്രട്ടറി എം വി ജയരാജന്. തിരഞ്ഞെടുപ്പില് വിഷയം പ്രതിഫലിക്കില്ല. കോണ്ഗ്രസുകാര് ബിജെപിയിലേക്ക് പോകുന്നത് മറച്ചുവെക്കാനുണ്ടാക്കിയ വാര്ത്തയാണത്. അന്തര്ധാര ശോഭാ സുരേന്ദ്രന്റെ പാര്ട്ടിയും കെ സുധാകരന്റെ പാര്ട്ടിയും തമ്മിലാണ്. മുഖ്യമന്ത്രി പറഞ്ഞതില് നിന്ന് ഒരു വാക്ക് പോലും മാറ്റാനില്ല.
ദല്ലാള് നന്ദകുമാര് ഫ്രോഡ് ആണ്. ഫ്രോഡ് ഫ്രോഡ് തന്നെയാണ് അതില് മാറ്റമില്ല. കമ്മ്യൂണിസ്റ്റുകാരന് പാലിക്കേണ്ട നിലപാടാണ് മുഖ്യമന്ത്രി പറഞ്ഞത്. വിഷയത്തില് പാര്ട്ടി നിലപാടാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ചര്ച്ച ചെയ്താണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഇനി പാര്ട്ടിയില് ചര്ച്ച ചെയ്യേണ്ടതില്ല. ഇ പി ബിജെപിയില് പോകുമെന്നത് പച്ച നുണയാണ്. ഈ വിഷയത്തില് തിങ്കളാഴ്ച നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില് ഇ പി ജയരാജന് തന്നെ പാര്ട്ടിക്കുള്ളില് മറുപടി പറയുമെന്ന് എം വി ജയരാജന് പറഞ്ഞു.
ജാവദേക്കര്-ജയരാജന് കൂടിക്കാഴ്ചയില് അതൃപ്തി; സിപിഐഎം സെക്രട്ടറിയേറ്റ് യോഗത്തില് ചര്ച്ച ചെയ്യുംജാവദേക്കര് - ഇ പി ജയരാജന് കൂടിക്കാഴ്ച്ചയില് പാര്ട്ടിക്ക് അതൃപ്തിയുണ്ട്. ജാവദേക്കറുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന ജയരാജന്റെ വെളിപ്പെടുത്തല് അനവസരത്തിലാണെന്ന നിഗമനത്തിലാണ് പാര്ട്ടി. വിഷയം വിശദമായി ചര്ച്ച ചെയ്യാന് സിപിഐഎം ഒരുങ്ങുകയാണ്. സംഭവത്തില് തിങ്കളാഴ്ച ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില് വിശദമായ ചര്ച്ച നടക്കും. ജയരാജന്റെ കൂടിക്കാഴ്ച്ച പാര്ട്ടിയെ അറിയിക്കാത്തത് ഗൗരവതരമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്.