ആലപ്പുഴ: വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ തീരദേശത്തെ വോട്ടിനെ ചൊല്ലി ആലപ്പുഴയിൽ പുതിയ വിവാദം. ധീവര സമുദായത്തിൻെറ വോട്ട് ചോർത്താൻ ബാഹ്യ ഇടപെടൽ നടന്നതായി എൽഡിഎഫ് സ്ഥാനർത്ഥി എ എം ആരിഫ് ആരോപിച്ചു. ആത്മീയ വ്യക്തിത്വത്തിൻെറ അനുയായികൾ ബിജെപിക്ക് അനുകൂലമായി വോട്ട് ചോർത്താൻ ശ്രമിച്ചുവെന്നാണ് സിപിഐഎം നേതൃത്വവും ആരോപിക്കുന്നത്.
എന്നാൽ ആരോപണം ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ തള്ളിക്കളഞ്ഞു. പൂർണമായും കടലോരത്തുളള ലോക്സഭാ മണ്ഡലമായ ആലപ്പുഴയിൽ തീരദേശജനതയുടെ വോട്ട് നിർണായകമാണ്. വോട്ടെടുപ്പ് ദിവസം തീരദേശ ബൂത്തുകളിൽ വൻതിരക്കായിരുന്നു. ഇവിടങ്ങളിലെ കനത്ത പോളിങ്ങ് ആരെ തുണയ്ക്കുമെന്ന ആശങ്കയ്കിടയിലാണ് പുതിയ ആരോപണം വരുന്നത്.
ബാഹ്യശക്തി ആരാണെന്ന് പരസ്യമാക്കുന്നില്ലെങ്കിലും മണ്ഡലത്തിൽ തന്നെയുളള ആത്മീയവ്യക്തിത്വത്തിൻെറ അനുയായികളെയാണ് ഉന്നം വെയ്ക്കുന്നത്. ആത്മീയ കേന്ദ്രത്തിന് കീഴിലുളള പദ്ധതിയുടെ കോ-ഓർഡിനേറ്റർമാർ കേന്ദ്രഭരണാധികാരി വിളിച്ച ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു. ഇതിന് ശേഷം ധീവര വോട്ടുകൾ ബിജെപിക്ക് നേടിക്കൊടുക്കാൻ ഇടപെട്ടുവെന്നുമാണ് ആക്ഷേപം. എന്നാൽ ആക്ഷേപത്തെ തളളുകയാണ് ബിജെപി. പുതിയ ആക്ഷേപം ഫലം വന്നശേഷം കൂടുതൽ സജീവമാകാനാണ് സാധ്യത. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തീരദേശ വോട്ടുകളിൽ നല്ലൊരു പങ്കും ബിജെപിക്ക് ലഭിച്ചിരുന്നു.