തിരുവനന്തപുരം: കെഎസ്ആര്ടിസി ഡ്രൈവറുമായുണ്ടായ വാക്പോരില് വിശദീകരണവുമായി മേയര് ആര്യാ രാജേന്ദ്രന്. ലൈംഗിക ചേഷ്ടയോടെ ആക്ഷന് കാണിച്ചപ്പോഴാണ് പ്രതികരിച്ചത്. കെഎസ്ആര്ടിസി ഡ്രൈവറായ യദു രാത്രിയില് വിളിച്ച് സംഭവിച്ചതില് ക്ഷമ ചോദിച്ചുവെന്നും ആര്യാ രാജേന്ദ്രന് റിപ്പോര്ട്ടര് ടിവിയോട് പറഞ്ഞു.
'പട്ടം പ്ലാമൂട് റോഡില് യാത്ര ചെയ്യുമ്പോള് ഇടതുഭാഗത്ത് കൂടി കെഎസ്ആര്ടിസി ബസ് ഓവര്ടേക്ക് ചെയ്ത് വരികയായിരുന്നു. ഞാനും സഹോദരനും അദ്ദേഹത്തിന്റെ ഭാര്യയുമായിരുന്നു കാറിന്റെ പിറകില് ഉണ്ടായിരുന്നത്. ഗ്ലാസിലൂടെ തിരിഞ്ഞ് നോക്കുമ്പോള് ഡ്രൈവര് ലൈംഗിക ചേഷ്ട കാണിച്ചു. ഒരു സര്ക്കാര് ഉദ്യോഗസ്ഥന് ഈവിധം പെരുമാറിയപ്പോള് ആശങ്കപ്പെട്ടുപോയി. തുടര്ന്ന് പാളയത്തുവെച്ചാണ് കെഎസ്ആര്ടിസി ബസിലെ ഡ്രൈവറുമായി സംസാരിച്ചത്. വളരെ മോശമായാണ് അദ്ദേഹം പെരുമാറിയത്. എനിക്ക് നിങ്ങളെ പേടിക്കേണ്ടതില്ലായെന്നാണ് പറഞ്ഞുകൊണ്ടിരുന്നത്. അപ്പോള് തന്നെ പൊലീസിനും ഗതാഗത മന്ത്രിക്കും പരാതി നല്കി. ഉടന് വിജിലന്സ് ടീമും പൊലീസും അവിടെയെത്തി നടപടി സ്വീകരിച്ചു. സ്ത്രീകളോട് എന്തും കാണിക്കാമെന്ന സമീപനം ശരിയല്ലായെന്നാണ് നിലപാട്.' ആര്യാ രാജേന്ദ്രന് പറഞ്ഞു.
സംഭവിച്ചതില് ക്ഷമ ചോദിക്കാനായി രാത്രിയില് ഡ്രൈവര് വിളിച്ചിരുന്നു. അപ്പോള് ഇത്തരം കാര്യങ്ങളൊന്നുമല്ല സംസാരിച്ചത്. തന്റെ ഭാഗത്ത് തെറ്റുണ്ടെന്നും ക്ഷമ ചോദിക്കാനാണ് വിളിക്കുന്നത് എന്നും പറഞ്ഞു. നിയമപരമായി നേരിടാം എന്നാണ് മറുപടി പറഞ്ഞതെന്നും ആര്യാ രാജേന്ദ്രന് വിശദീകരിച്ചു.
സംഭവത്തിന് പിന്നാലെ യദുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് രാവിലെയാണ് യദുവിനെ വിട്ടയച്ചത്. മെഡിക്കല് പരിശോധനയില് യദു മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞു. ഡ്രൈവര് മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില് പൊലീസ് കേസെടുത്തിട്ടുണ്ട്. സ്വകാര്യ വാഹനത്തിലായിരുന്നു മേയറും എംഎല്എയും സംഘവും സഞ്ചരിച്ചിരുന്നത്. അതേസമയം കാര് ബസിന് കുറുകെ ഇട്ട് ട്രിപ്പ് മുടക്കിയെന്ന് ആരോപിച്ച് ഡ്രൈവറും പരാതി നല്കി. ഈ പരാതിയില് പൊലീസ് കേസെടുത്തിട്ടില്ല.