തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില് പെട്ടി പൊട്ടിക്കാതെ അഭിപ്രായം പറ്റില്ലെന്ന് എസ്എന്ഡിപി യോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എല്ലായിടത്തും കടുത്ത മത്സരമാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് ആരും ജയിക്കുമെന്ന് പറയാൻ സാധിക്കാത്ത അവസ്ഥ. കോൺഗ്രസിനു കഴിഞ്ഞ തവണത്തെ അത്ര കിട്ടില്ല. എന്നാലും കൂടുതൽ സീറ്റ് കോൺഗ്രസിന് ആയിരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ആലപ്പുഴയിൽ ശോഭ സുരേന്ദ്രൻ വോട്ട് കൂടുതൽ നേടും. ശോഭ പിടിക്കുന്ന കൂടുതൽ വോട്ടിന്റെ ഗുണം ആരീഫിന് ആയിരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഇ പി ജയരാജന് വിഷയത്തിലും വെള്ളാപ്പള്ളി തന്റെ അഭിപ്രായം രേഖപ്പെടുത്തി. ഇതുപോലുള്ള വിവാദം ഒഴിവാക്കാമായിരുന്നു. ജാവഡേക്കറെ കണ്ടതിന് എന്താണ് കുഴപ്പം. രാഷ്ട്രീയ നേതാക്കൾക്ക് ആരെയും കാണാം. ഇ പി ജയരാജന് എൽഡിഎഫ് കൺവീനർ എന്ന നിലയിൽ പിന്നോട്ടാണ്. വലിയ നിലപാടൊന്നും സ്വീകരിക്കാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ബി ജെ പി ക്ക് അഞ്ചു സീറ്റ് കിട്ടുമെന്നത് അവരുടെ ആഗ്രഹം മാത്രം. തുഷാർ വെള്ളാപ്പള്ളി കോട്ടയത്ത് ജയിക്കുമോയെന്ന് എനിക്ക് അറിയില്ല. തൃശ്ശൂരിൽ സുരേഷ് ഗോപി ജയിക്കില്ല. എൻഡിഎ വോട്ട് സംസ്ഥാനത്ത് കൂടും. എല്ഡിഎഫ്, യുഡിഎഫ് മത്സരിച്ചു ന്യൂനപക്ഷ പ്രീണനം നടത്തുന്നു. അതുകൊണ്ട് ഭൂരിപക്ഷ ജനങ്ങളിൽ കുറച്ചു പേർ എൻഡിഎക്കൊപ്പം പോകും. തുഷാർ വെള്ളപ്പള്ളിക്ക് ഈഴവ വോട്ടുകൾ കിട്ടാനുള്ള ഒരു സാധ്യത ഇല്ല. മത്സരിക്കേണ്ട എന്നാണ് ഞാൻ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.