തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും ബിജെപി നേതാവ് പ്രകാശ് ജാവദേക്കറും തമ്മിൽ കൂടിക്കാഴ്ച നടത്തിയതിൽ അതൃപ്തി അറിയിച്ച് സിപിഐ. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് ഇപി തുടരുന്നതിലും സിപിഐ നേതൃത്വത്തിന് അതൃപ്തിയുണ്ട്. ഇ പി ജയരാജനെതിരെ സിഐഎഎം നടപടിയെടുക്കുന്നത് കാക്കുകയാണ് സിപിഐ. ഇപി ജയരാജന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
ഇപി ജയരാജന്റെ കൂടിക്കാഴ്ചയിൽ സിപിഐഎം നേതൃത്വവും കടുത്ത അതൃപ്തിയിലാണ്. മുതിർന്ന നേതാക്കൾ അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. കൂട്ടുകെട്ടുകളിൽ ജാഗ്രത പുലർത്തണമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രതികരണം. സമാനമായ പ്രതികരണം തന്നെയാണ് മുന ധനമന്ത്രിയും ലോക്സഭാ സ്ഥാനാർത്ഥിയുമായ ടി എം തോമസ് ഐസക്കും പ്രകടിപ്പിച്ചത്.
തിരഞ്ഞെടുപ്പ് ദിവസം രാവിലെയായിരുന്നു പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്തിറങ്ങിയ ഇ പി പാർട്ടിയെ പ്രതിരോധത്തിലാക്കി ജാവദേക്കറെ കണ്ടെന്ന് സമ്മതിച്ചത്. വിഷയം വിവാദമായതോടെ തന്നെ മകന്റെ വീട്ടില് വന്ന് ജാവദേക്കര് കണ്ടിരുന്നുവെന്ന് ജയരാജനും സമ്മതിക്കുകയായിരുന്നു. കുശലാന്വേഷണമെന്ന തരത്തിൽ നിസ്സാരവത്കരിച്ചാണ് കൂടിക്കാഴ്ചയെ ഇപി അവതരിപ്പിച്ചതെങ്കിലും യുഡിഎഫും ബിജെപിയും വിഷയം വലിയ വിവാദമാക്കി. തിരഞ്ഞെടുപ്പിൽ ഇത് പ്രതിഫലിക്കുമെന്ന വിലയിരുത്തലുമുണ്ട്.
ഇപി മാത്രമല്ല, കൂടുതൽ പേരുമായി ചർച്ച നടത്തിയെന്നാണ് ബിജെപിയുടെ അവകാശവാദം. കോൺഗ്രസ് നേതാക്കളെ ബിജെപിയിലേക്കെത്തിക്കാൻ നടന്നിട്ട ഒടുവിൽ സിപിഐഎമ്മിന്റെ നേതാക്കളാണ് കൊഴിഞ്ഞു പോകുന്നതെന്ന പരിഹാസമാണ് യുഡിഎഫ് നേതൃത്വങ്ങളിൽ നിന്നുയരുന്നത്. ഇതിനിടെ നാളെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ ചേരാനിരിക്കുകയാണ്. തിരഞ്ഞെടുപ്പ് വിലയിരുത്തലിന് പുറമെ ഇപി വിഷയം ചർച്ചയാകുമെന്നാണ് കരുതുന്നത്. ഇപിക്കെതിരെ നടപടിയുണ്ടാകുമോ എന്നും ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം.
തന്റെ സാന്നിധ്യത്തില് പ്രകാശ് ജാവദേക്കര് ഇ പി ജയരാജനെ കണ്ടുവെന്നായിരുന്നു ദല്ലാള് നന്ദകുമാറിന്റെ വെളിപ്പെടുത്തല്. തൃശ്ശൂരില് ഇടതുമുന്നണി സഹായിച്ചാല് ബിജെപിക്ക് അക്കൗണ്ട് തുറക്കാന് കഴിയുമെന്ന് ജാവദേക്കര് ജയരാജനോട് പറഞ്ഞു. പകരം ലാവലിന് കേസ്, സ്വര്ണ്ണക്കടത്ത് കേസ് എന്നിവ സെറ്റില് ചെയ്ത് തരാം എന്ന് ഉറപ്പ് കൊടുത്തു. എന്നാല്, ജയരാജന് സമ്മതിച്ചില്ലെന്നുമായിരുന്നു നന്ദകുമാറിന്റെ വെളിപ്പെടുത്തല്.