ചുട്ടുപൊള്ളി സംസ്ഥാനം; ഇന്നും മൂന്ന് ജില്ലകളിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ്

മെയ് രണ്ടാം വാരം വരെ ചൂട് തുടരുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

dot image

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുമെന്ന് മുന്നറിയിപ്പ്. മെയ് രണ്ടാം വാരം വരെ ചൂട് തുടരുമെന്നാണ് മുന്നറിയിപ്പ്. അത്യുഷ്ണം അനുഭവപ്പെടുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യ വകുപ്പും അറിയിച്ചു. മൂന്ന് ജില്ലകളിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരും. പാലക്കാട്, തൃശൂർ, കൊല്ലം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രത്യേക താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചത്.

തുടര്ച്ചയായ ദിവസങ്ങളില് അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. പാലക്കാട് 41 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം തൃശൂർ ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇതിനൊപ്പം ഇടുക്കി വയനാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്തു ആരോഗ്യ വകുപ്പ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. കുഞ്ഞുങ്ങള്, പ്രായമായവര്, ഗര്ഭിണികള്, ഗുരുതര രോഗമുള്ളവര് എന്നിവര് പ്രത്യേകം ശ്രദ്ധിക്കണം. നേരിട്ട് വെയില് ഏല്ക്കരുത്. നിര്ജലീകരണം ഉണ്ടാകാന് സാധ്യതയുള്ളതിനാല് ധാരാളം വെള്ളം കുടിക്കണം. ശാരീരിക ബുദ്ധിമുട്ടുകളുണ്ടായാല് ചികിത്സ തേടേണ്ടതാണെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്. വേനൽ പ്രതിരോധ ജാഗ്രത നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. പൊതുജനങ്ങളും ഭരണ - ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏല്ക്കാന് സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം. താഴെ പറയുന്ന നിര്ദേശങ്ങള് കര്ശനമായി പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അഭ്യര്ത്ഥിക്കുന്നു.

  • പകല് സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക.

  • ശരീരത്തില് നേരിട്ട് വെയിലേല്ക്കുന്ന എല്ലാതരം പുറം ജോലികളും, കായിക വിനോദങ്ങളും, മറ്റ് പ്രവര്ത്തനങ്ങളും പൂര്ണ്ണമായും നിര്ത്തി വെക്കുക.

  • ധാരാളമായി വെള്ളം കുടിക്കുക.

  • അത്യാവശ്യങ്ങള്ക്ക് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോള് നിര്ബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക.

  • കായികാദ്ധ്വാനമുള്ള ജോലികളില് ഏര്പ്പെടുന്നവര് ഇടവേളകള് എടുത്തും വിശ്രമിച്ച് കൊണ്ടും മാത്രം ജോലിയില് ഏര്പ്പെടുക.

  • നിര്ജലീകരണം ഉണ്ടാക്കുന്ന മദ്യം, കാര്ബണേറ്റഡ് പാനീയങ്ങള്, ചായ കാപ്പി എന്നിവ പകല് സമയത്ത് പൂര്ണ്ണമായും ഒഴിവാക്കുക.

  • വൈദ്യുത ഉപകരണങ്ങള് നിരന്തര ഉപയോഗം മൂലം ചൂട് പിടിച്ചും, വയര് ഉരുകിയും തീപിടുത്തത്തിന് സാധ്യത ഉള്ളതിനാല് ഓഫീസുകളിലും, വീടുകളിലും ഉപയോഗ ശേഷം ഇവ ഓഫ് ചെയ്യേണ്ടതാണ്. രാത്രിയില് ഓഫീസുകളിലും, ഉപയോഗം ഇല്ലാത്ത മുറികളും ഉള്ള ഫാന്, ലൈറ്റ്, എ.സി എന്നിവ ഓഫ് ചെയ്ത് സൂക്ഷിക്കുക.

  • വീട്ടിലും ഓഫീസിലും തൊഴിലിടത്തിലും വായു സഞ്ചാരം ഉറപ്പാക്കുക.

  • മാര്ക്കറ്റുകള്, കെട്ടിടങ്ങള്, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള് (ഡംപിങ് യാര്ഡ്), ചപ്പ് ചവറുകളും, ഉണങ്ങിയ പുല്ലും ഉള്ള ഇടങ്ങളില് എന്നിവടങ്ങളില് തീപിടുത്ത സാധ്യത കൂടുതലാണ്. ഇവിടങ്ങളില് ഫയര് ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്കരുതല് സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള് നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

  • തൊഴിലുറപ്പ് പ്രവര്ത്തകരും, മാധ്യമപ്രവര്ത്തകരും, പുറം തൊഴിലില് ഏര്പ്പെടുന്നവരും, പോലീസ് ഉദ്യോഗസ്ഥരും 11 am to 3 pm വരെ കുടകള് ഉപയോഗിക്കുകയും നേരിട്ട് വെയില് ഏല്ക്കാതിരിക്കാന് ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില് ഏര്പ്പെട്ടിരിക്കുന്നവര്ക്ക് കുടിവെള്ളം നല്കി നിര്ജലീകരണം തടയുവാന് പൊതു സമൂഹം സഹായിക്കുക.

  • വിദ്യാര്ഥികളുടെ കാര്യത്തില് സ്കൂള് അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്ത്തേണ്ടതാണ്. കുട്ടികള്ക്ക് കൂടുതല് വെയിലേല്ക്കുന്ന പരിപാടികള് ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള് 11 am മുതല് 3 pm വരെ കുട്ടികള്ക്ക് നേരിട്ട് ചൂട് ഏല്ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

  • കിടപ്പ് രോഗികള്, പ്രായമായവര്, ഗര്ഭിണികള്, കുട്ടികള്, ഭിന്നശേഷിക്കാര്, മറ്റ് രോഗങ്ങള് മൂലമുള്ള അവശത അനുഭവിക്കുന്നവര് തുടങ്ങിയ വിഭാഗങ്ങള്ക്ക് പ്രത്യേക കരുതല് ഉറപ്പാക്കണം.

  • എല്ലാവിധ പൊതുപരിപാടികളും വൈകുന്നേരങ്ങളിലേക്ക് മാറ്റി വക്കുന്നത് ഉചിതമായിരിക്കും.

  • പൊതുജനങ്ങള് സ്വയം നിയന്ത്രണം ഏര്പ്പെടുത്തി പരമാവധി പുറത്തിറങ്ങാതെ സുരക്ഷിതരായി ഇരിക്കണം എന്നും കാലാവസ്ഥാ കേന്ദ്രം അഭ്യര്ത്ഥിച്ചു.

പ്രണയക്കെണിയുടെ പേര് പറഞ്ഞ് വര്ഗീയ വിഷം ചീറ്റാന് അനുവദിക്കരുത്; മാര് ജോസഫ് പാംപ്ലാനി
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us