മൂന്നാർ: ബിജെപി പ്രവേശനം പൂർണമായി തള്ളാതെ സിപിഐഎമ്മുമായി ഇടഞ്ഞുനിൽക്കുന്ന മുൻ എംഎൽഎ എസ് രാജേന്ദ്രൻ. താൻ സിപിഐഎമ്മിൽ ഉണ്ടെന്ന് പറയാം. സംഘടനാ പ്രവർത്തനത്തിന് സിപിഐഎം അനുവദിക്കുന്നില്ല. ചിലയാളുകളുടെ തടസ്സം കാരണം മെമ്പർഷിപ്പ് എടുക്കുവാൻ കഴിഞ്ഞില്ല. വിട്ടുവീഴ്ചയ്ക്ക് തയ്യാറായതുകൊണ്ടാണ് പാർട്ടിയെ കുറ്റം പറയാതെ പാർട്ടിക്കൊപ്പം നിൽക്കുന്നതെന്നും അത് പാർട്ടി തിരിച്ചറിയുന്നില്ലെന്നും എസ് രാജേന്ദ്രൻ പറഞ്ഞു.
സൗകര്യമുണ്ടെങ്കിൽ നിന്നാൽ മതിയെന്ന് നിലപാട് സ്വീകരിച്ചാൽ പ്രവർത്തിക്കാൻ കഴിയില്ല. വ്യക്തികൾ തമ്മിലുള്ള മത്സരത്തിൽ തോൽക്കാൻ ആരും ആഗ്രഹിക്കുന്നില്ല. പാർട്ടിയോട് എത്ര തവണ വേണമെങ്കിലും ക്ഷമ ചോദിക്കാം, തോറ്റു കൊടുക്കാം. കുറച്ചുനാൾ കാത്തിരിക്കും, കാത്തിരിപ്പിന് ശേഷം തീരുമാനമെടുക്കും. ബിജെപിയോ മറ്റേതെങ്കിലും പാർട്ടിയോ എന്നത് സാഹചര്യത്തിനനുസരിച്ച് തീരുമാനിക്കും. സംസ്ഥാന നേതൃത്വം ഇടപെട്ടിട്ടും തിരഞ്ഞെടുപ്പിൽ നിന്ന് മനപ്പൂർവ്വം മാറ്റിനിർത്തി. തിരഞ്ഞെടുപ്പ് കൺവെൻഷനിൽ വേണ്ട പ്രാധാന്യം നൽകിയില്ല.
താൻ കൺവെൻഷനിൽ പങ്കെടുത്തതിന്റെ ഗുണം പാർട്ടിക്ക് കിട്ടിയിട്ടുണ്ട്. രാജേന്ദ്രൻ വരണമെന്ന് പാർട്ടി പറയുമ്പോഴും ചില പ്രാദേശിക നേതാക്കൾ രാജേന്ദ്രൻ വരേണ്ടതില്ല എന്ന് തീരുമാനിക്കുന്നു. തന്റെ കാൽച്ചുവട്ടിൽ നിന്ന് ഒന്നും ഒലിച്ചു പോയിട്ടില്ല. എടുത്ത നടപടി തിരുത്താൻ പാർട്ടി തയ്യാറാകുന്നില്ല. താൻ അപമാനിക്കപ്പെട്ടത് അതുപോലെതന്നെ നിൽക്കുന്നു. തിരുത്താൻ പാർട്ടി തയ്യാറാകാത്തപ്പോൾ അത് പാർട്ടിയായി കാണാൻ കഴിയില്ലെന്നും എസ് രാജേന്ദ്രൻ വ്യക്തമാക്കി.