മലപ്പുറം: മലപ്പുറത്തെയും പൊന്നാനിയിലെയും പോളിങ് ശതമാനത്തിലെ ഇടിവിൽ പരസ്പരം പഴിചാരി മുന്നണികള്. സമസ്തയും മുസ്ലിം ലീഗും തമ്മിലുള്ള തർക്കമാണ് പോളിങിനെ ബാധിച്ചന്നാണ് ഇടതുപക്ഷ വിലയിരുത്തല്. എന്നാൽ, പരമ്പരാഗത സിപിഐഎം വോട്ട് ബാങ്കിൽ വിള്ളൽ വീണുവെന്നാണ് ലീഗിന്റെ നിലപാട്. വാശിയേറിയ പോളിങ് പ്രതീക്ഷിച്ചെങ്കിലും 2019നേക്കാൾ അഞ്ച് ശതമാനത്തിന്റെ കുറവാണ് പൊന്നാനിയിൽ പോളിങിൽ രേഖപ്പെടുത്തിയത്.
സമസ്ത -ലീഗ് തർക്കത്തിൽ ലീഗിനെതിരെ ശക്തമായ സൈബർ പ്രചാരണങ്ങളും സ്ക്വാഡ് വർക്കുകളും നടന്നത് പൊന്നാനി മണ്ഡലം കേന്ദ്രീകരിച്ചായിരുന്നു. എന്നാൽ, ഈ ആവേശം ബൂത്തിലേക്ക് എത്തിയില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് ലീഗ് -സമസ്ത തർക്കമാണ് പോളിങിനെ ബാധിച്ചതെന്നും ലീഗ് വോട്ടുകളാണ് പോൾ ചെയ്യപ്പെടാതെ പോയതെന്നും ഇടതുപക്ഷം ആവർത്തിക്കുന്നത്. സമസ്തയിലെ ലീഗ് വിരുദ്ധരുടെ വോട്ടുകളില് വിള്ളൽ വീണു എന്നാണ് ഉയരുന്ന നിരീക്ഷണം. ഈ വോട്ടുകൾ ഭാഗികമായി ഇടത് -വലത് സ്ഥാനാർഥികൾ പങ്കിട്ടുവെന്നും ചിലർ പോളിംഗ് ബഹിഷ്കരിച്ചുവെന്നുമാണ് വിലയിരുത്തൽ.
സമസ്തയിലെ തീവ്ര ലീഗ് വിരുദ്ധ വോട്ടുകൾ ഒഴികെയുളള സമസ്തയുടെ ഭൂരിപക്ഷ വോട്ടുകളും അനുകൂലമായിരുന്നുവന്നാണ് മുസ്ലിം ലീഗിന്റെ അവകാശവാദം. വോട്ട് ചോർന്നത് പൊന്നാനിയിലെ പരമ്പരാഗത സിപിഐഎം കേന്ദ്രങ്ങളിലാണെന്നാണ് ലീഗിന്റെ നിലപാട്. പൊന്നാനി മണ്ഡലത്തിൽ ഇടതുപക്ഷത്തിന്റെ കേന്ദ്രമായ പൊന്നാനി നിയമസഭാ മണ്ഡലത്തിൽ വലിയ തോതിൽ പോളിങിൽ ഉണ്ടായ കുറവ് ഇതിന് ഉദാഹരണമായി ലീഗ് ഉയർത്തി കാണിക്കുന്നുണ്ട്. സമുദായിക സംഘടനകളുടെ പിന്തുണയോടെ എത്തിയ കെ എസ് ഹംസയെ പരമ്പരാഗത സിപിഐഎം വോട്ട് ബാങ്ക് പിന്തുണച്ചില്ലന്ന വിലയിരുത്തലും മുസ്ലിം ലീഗിനുണ്ട്.
ജാവദേക്കറുമായുള്ള കൂടിക്കാഴ്ച: ഇപിക്കെതിരെ കടുത്ത നടപടി വേണമെന്ന് പാര്ട്ടിയിലെ ഒരുവിഭാഗം