തൃശ്ശൂർ: ജില്ലയിൽ എൽഡിഎഫിന് ശക്തമായ സംഘടനാ സംവിധാനമുള്ളതിനാൽ തൃശ്ശൂര് ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇതു ഗുണംചെയ്യുമെന്ന വിലയിരുത്തലിൽ സിപിഐ. 2014-ലെ വോട്ടിങ് രീതിയാണ് ഇത്തവണത്തേതെന്നും ഇത് ഗുണം ചെയ്തുവെന്നുമാണ് സിപിഐ പറയുന്നത്. വി എസ് സുനിൽകുമാറിന്റെ വ്യക്തിബന്ധങ്ങൾ വൻതോതിൽ വോട്ടായി മാറിയെന്നും സിപിഐ വിലയിരുത്തുന്നു.
വോട്ടിങ് ശതമാനം കുറഞ്ഞത് കോൺഗ്രസിനെയാണ് ബാധിക്കുകയെന്നും മറ്റു മണ്ഡലങ്ങളിൽനിന്നുള്ള വോട്ടുകൾ ബിജെപി തൃശ്ശൂരിലെത്തിച്ചിട്ടുണ്ടെങ്കിലും ഇത് ലോക്സഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്നും സിപിഐ കണക്കുകൂട്ടുന്നു. ബിജെപി സ്ഥാനാർഥി സുരേഷ്ഗോപിയെ മനസ്സിലാക്കിയവർ പലരും മറിച്ചുചിന്തിച്ചു.
സുരേഷ്ഗോപിയുടെ താരപരിവേഷം ആദ്യ തിരഞ്ഞെടുപ്പിൽ മാത്രമാണ് പ്രകടമായതെന്നും ഇപ്പോൾ പൂർണ രാഷ്ട്രീയക്കാരനായാണ് സുരേഷ്ഗോപി എത്തിയതെന്നും സിപിഐ പറയുന്നു. അതുകൊണ്ടുതന്നെ താരപരിവേഷത്തിന്റെ ആനുകൂല്യം കിട്ടില്ലെന്നും ബിജെപി മൂന്നാം സ്ഥാനത്തെത്തുമെന്നുമുള്ള വിശ്വാസത്തിലാണ് സിപിഐ.