തിരുവന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഇ പി ജയരാജൻ - പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ചാ വിവാദം ചർച്ചയായി. ഇപി തന്റെ നിലാപാട് പാർട്ടി യോഗത്തിൽ വിശദീകരിച്ചു. പാർട്ടി നിലപാട് വൈകീട്ട് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കും. മൂന്നരയ്ക്കാണ് യോഗ തീരുമാനം വിശദീകരിച്ചുകൊണ്ടുള്ള സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ വാർത്താ സമ്മേളനം നടക്കുക.
ലോക്സഭാ തിരഞ്ഞെടുപ്പിൽ 12 സീറ്റ് വരെ ജയിക്കാമെന്നാണ് സിപിഐഎം സെക്രട്ടേറിയറ്റ് യോഗത്തിന്റെ വിലയിരുത്തൽ. ഭരണവിരുദ്ധ വികാരം പ്രചാരണത്തിലൂടെ മറികടക്കാനായെന്നും യോഗം വിലയിരുത്തി. വടകരയിൽ വോട്ട് കച്ചവടം നടന്നെന്ന ആശങ്കയും യോഗം പങ്കുവച്ചു. ബിജെപി വോട്ട് കോൺഗ്രസ് പർച്ചേസ് ചെയ്തെന്നാണ് ആശങ്ക. പ്രതികൂല സാഹചര്യം മറികടന്നും എൽഡിഎഫ് സ്ഥാനർത്ഥി കെ കെ ശൈലജ വടകരയിൽ വിജയിക്കുമെന്നാണ് വിലയിരുത്തൽ.
പ്രധാനമായും തിരഞ്ഞെടുപ്പ് പ്രവർത്തനം വിലയിരുത്താനാണ് സിപിഐഎം ഇന്ന് സെക്രട്ടറിയേറ്റ് യോഗം ചേർന്നത്. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറും ഇപി ജയരാജനും തമ്മിലെ കൂടിക്കാഴ്ച പാർട്ടിക്ക് തലവേദനയായിരിക്കുകയാണ്. ഇപിക്കെതിരെ സിപിഐ അതൃപ്തി പരസ്യമാക്കിയ പശ്ചാത്തലത്തിൽ കൂടി യോഗത്തിന്റെ തീരുമാനം ഇപിക്ക് നിർണ്ണായകമാണ്.
കൈ കൂപ്പി മടക്കം; സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പ്രതികരിക്കാതെ ഇ പി