ചൂട് കനക്കുന്നു; പാലക്കാട് ജില്ലയില് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശം

മെഡിക്കൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. ദുരന്തനിവാരണ അതോറിറ്റി നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ നടപടിയുണ്ടാകുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

dot image

പാലക്കാട്: ചൂട് കനത്ത സാഹചര്യത്തില് പാലക്കാട് ജില്ലയില് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശം. മെയ് രണ്ടുവരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കരുതെന്നും അവധിക്കാല ക്ലാസുകള് നടത്തരുതെന്നും ജില്ലാ കളക്ടർ അറിയിച്ചു. മെഡിക്കൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. ദുരന്തനിവാരണ അതോറിറ്റി നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ നടപടിയുണ്ടാകുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

നിർദേശം ലംഘിച്ച് ക്ലാസുകൾ നടക്കുന്നുണ്ടോ എന്ന് പരിശോധിക്കും. ജില്ലയിലെ സാഹചര്യങ്ങൾ അല്പം ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. നല്ല ജാഗ്രത പാലിച്ചാൽ മാത്രമേ അപകടം ഒഴിവാക്കാന് കഴിയു. ജില്ലയില് ഇതുവരെ രണ്ട് പേര് സൂര്യാഘാതം ഏറ്റ് മരിച്ചു. കൂടുതൽ ഇടങ്ങളിൽ ജലം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും ജില്ലാകളക്ടർ എസ് ചിത്ര ഐഎഎസ് അറിയിച്ചു.

സംസ്ഥാനത്ത് ചൂട് കനക്കുകയാണ്. പാലക്കാട് ജില്ലയില് ഓറഞ്ച് അലേര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്, കൊല്ലം ജില്ലകളില് യെല്ലോ അലേര്ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പകല് സമയത്ത് പുറം ജോലികള്ക്ക് കടുത്ത നിയന്ത്രണമുണ്ട്. പ്രത്യേകിച്ച് 11 മണി മുതല് മൂന്നു മണി വരെയുള്ള സമയത്ത് പുറം ജോലികള്ക്കാണ് നിയന്ത്രണം. 3 ഡിഗ്രി സെല്ഷ്യസ് മുതല് 5 ഡിഗ്രി സെല്ഷ്യസ് വരെ ചൂട് കൂടാന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.

ഉഷ്ണ തരംഗ സാധ്യത കണക്കിലെടുത്ത് ജില്ലാ ഭരണകൂടങ്ങളും മുന്നറിയിപ്പ് നല്കുന്നുണ്ട്. ഇന്നലെ പാലക്കാടും കണ്ണൂരും രണ്ട് പേര് സൂര്യാഘാതമേറ്റ് മരിച്ചിരുന്നു. സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്കൂള് പ്രവര്ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്ത്തിവയ്ക്കാന് വനിത ശിശുവികസന വകുപ്പ് തീരുമാനിച്ചു.

ഉഷ്ണതരംഗം തുടരുന്ന സാഹചര്യത്തില് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്:

  • പകല് സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക.

  • ശരീരത്തില് നേരിട്ട് വെയിലേല്ക്കുന്ന എല്ലാതരം പുറം ജോലികളും, കായിക വിനോദങ്ങളും, മറ്റ് പ്രവര്ത്തനങ്ങളും പൂര്ണ്ണമായും നിര്ത്തി വെക്കുക.

  • ധാരാളമായി വെള്ളം കുടിക്കുക.

  • അത്യാവശ്യങ്ങള്ക്ക് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോള് നിര്ബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക.

  • കായികാദ്ധ്വാനമുള്ള ജോലികളില് ഏര്പ്പെടുന്നവര് ഇടവേളകള് എടുത്തും വിശ്രമിച്ച് കൊണ്ടും മാത്രം ജോലിയില് ഏര്പ്പെടുക.

  • നിര്ജലീകരണം ഉണ്ടാക്കുന്ന മദ്യം, കാര്ബണേറ്റഡ് പാനീയങ്ങള്, ചായ കാപ്പി എന്നിവ പകല് സമയത്ത് പൂര്ണ്ണമായും ഒഴിവാക്കുക.

  • വൈദ്യുത ഉപകരണങ്ങള് നിരന്തര ഉപയോഗം മൂലം ചൂട് പിടിച്ചും, വയര് ഉരുകിയും തീപിടുത്തത്തിന് സാധ്യത ഉള്ളതിനാല് ഓഫീസുകളിലും, വീടുകളിലും ഉപയോഗ ശേഷം ഇവ ഓഫ് ചെയ്യേണ്ടതാണ്. രാത്രിയില് ഓഫീസുകളിലും, ഉപയോഗം ഇല്ലാത്ത മുറികളും ഉള്ള ഫാന്, ലൈറ്റ്, എ.സി എന്നിവ ഓഫ് ചെയ്ത് സൂക്ഷിക്കുക.

  • വീട്ടിലും ഓഫീസിലും തൊഴിലിടത്തിലും വായു സഞ്ചാരം ഉറപ്പാക്കുക.

  • മാര്ക്കറ്റുകള്, കെട്ടിടങ്ങള്, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള് (ഡംപിങ് യാര്ഡ്), ചപ്പ് ചവറുകളും, ഉണങ്ങിയ പുല്ലും ഉള്ള ഇടങ്ങളില് എന്നിവടങ്ങളില് തീപിടുത്ത സാധ്യത കൂടുതലാണ്. ഇവിടങ്ങളില് ഫയര് ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്കരുതല് സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള് നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

  • തൊഴിലുറപ്പ് പ്രവര്ത്തകരും, മാധ്യമപ്രവര്ത്തകരും, പുറം തൊഴിലില് ഏര്പ്പെടുന്നവരും, പോലീസ് ഉദ്യോഗസ്ഥരും 11 മണി മുതല് 3 മണി വരെ കുടകള് ഉപയോഗിക്കുകയും നേരിട്ട് വെയില് ഏല്ക്കാതിരിക്കാന് ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില് ഏര്പ്പെട്ടിരിക്കുന്നവര്ക്ക് കുടിവെള്ളം നല്കി നിര്ജലീകരണം തടയുവാന് പൊതു സമൂഹം സഹായിക്കുക.

  • വിദ്യാര്ഥികളുടെ കാര്യത്തില് സ്കൂള് അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്ത്തേണ്ടതാണ്. കുട്ടികള്ക്ക് കൂടുതല് വെയിലേല്ക്കുന്ന പരിപാടികള് ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള് 11 മണി മുതല് 3 മണി വരെ കുട്ടികള്ക്ക് നേരിട്ട് ചൂട് ഏല്ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

  • കിടപ്പ് രോഗികള്, പ്രായമായവര്, ഗര്ഭിണികള്, കുട്ടികള്, ഭിന്നശേഷിക്കാര്, മറ്റ് രോഗങ്ങള് മൂലമുള്ള അവശത അനുഭവിക്കുന്നവര് തുടങ്ങിയ വിഭാഗങ്ങള്ക്ക് പ്രത്യേക കരുതല് ഉറപ്പാക്കണം.

  • എല്ലാവിധ പൊതുപരിപാടികളും വൈകുന്നേരങ്ങളിലേക്ക് മാറ്റി വെക്കുന്നത് ഉചിതമായിരിക്കും

ലോക്സഭ തിരഞ്ഞെടുപ്പ്; സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 71.27 ശതമാനം പോളിങ്
dot image
To advertise here,contact us
dot image