ന്യൂഡല്ഹി: കേരളത്തില് നടക്കുന്ന വിവാദങ്ങളെക്കുറിച്ച് താന് ഒരു മാധ്യമത്തിനും അഭിമുഖം നല്കിയിട്ടില്ലെന്ന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്. സമൂഹമാധ്യമത്തിലാണ് ഇതുസംബന്ധിച്ച കുറിപ്പ് അദ്ദേഹം പങ്കുവെച്ചത്. ഓണ്ലൈന് മാധ്യങ്ങള്ക്കെതിരെയാണ് അദ്ദേഹം പോസ്റ്റിട്ടത്. ചില ഓണ്ലൈന് മാധ്യമങ്ങള് താന് നല്കിയിട്ടില്ലാത്ത അഭിമുഖം തന്റെ പേരില് അച്ചടിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
മാധ്യമങ്ങള് ധാര്മികത പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജനുമായി ജാവദേക്കര് കൂടിക്കാഴ്ച നടത്തിയത് ദേശീയ മാധ്യമങ്ങളിലടക്കം വാര്ത്തയായിരുന്നു. ഇതില് ജാവദേക്കറുടെ വിശദീകരണമെന്നോണം അദ്ദേഹവുമായുള്ള അഭിമുഖ വാര്ത്ത ചില ഓണ്ലൈന് മാധ്യമങ്ങളില് പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് വിശദീകരണമായി താന് ഒരു മാധ്യമങ്ങള്ക്കും അഭിമുഖം നല്കിയിലെന്ന് അദ്ദേഹം വ്യക്തമാക്കിയത്.
ജയരാജന് -ജാവദേക്കര് കൂടിക്കാഴ്ച്ചയില് സിപിഐഎമ്മിനെതിരെ പ്രതിപക്ഷ പാര്ട്ടികളും മാധ്യമങ്ങളും രൂക്ഷ വിമര്ശനവുമായി രംഗത്തെത്തിയിരുന്നു. ജയരാജന്റെ ബിജെപിയിലേക്കുള്ള രാഷ്ട്രീയ പ്രവേശനമാണ് കൂടിക്കാഴ്ച്ചക്ക് പിന്നിലെന്നായിരുന്നു മാധ്യമ വാര്ത്തകള്. സംഭവം വിവാദമായതോടെ വിഷയത്തില് ഇപിക്കെതിരെ നടപടിയെടുക്കേണ്ട ആവശ്യമില്ലെന്നും കൂടിക്കാഴ്ച സംബന്ധിച്ച് അദ്ദേഹം തന്നെ വിശദീകരിച്ചതെന്നുമായിരുന്നു പാര്ട്ടി നിലപാട്.