തിരുവനന്തപുരം: കെഎസ്ആര്ടിസി ഡ്രൈവറുമായുണ്ടായ വാക്കേറ്റത്തില് മേയര് ആര്യാ രാജേന്ദ്രനും ഭര്ത്താവ് സച്ചിന് ദേവ് എംഎല്എയ്ക്കുമെതിരെ കെഎസ്ആര്ടിസിയിലെ കോണ്ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ്. ദിവസ വേതനക്കാരനായ ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും അയാള്ക്കെതിരെ കേസെടുക്കുകയും ചെയ്ത നടപടി പാവങ്ങളുടെ മേലുള്ള കുതിര കയറല് ആണെന്നും ടിഡിഎഫ് വര്ക്കിംഗ് പ്രസിഡന്റ് എം വിന്സെന്റ് വിമര്ശിച്ചു.
ഡ്രൈവറെ കയ്യേറ്റം ചെയ്തതിനും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും മേയര്ക്കും ഭര്ത്താവിനുമെതിരെ കേസെടുക്കണം. ഡ്രൈവറുടെ പരാതിയില് കേസെടുത്തില്ലെങ്കില് ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും ടിഡിഎഫ് മുന്നറിയിപ്പ് നല്കി. അതേസമയം മേയറുടെ പരാതിയില് സംഭവം അന്വേഷിച്ച് റിപ്പോര്ട്ട് നല്കാന് ഗതാഗത മന്ത്രി ഗണേഷ് കുമാര് നിര്ദേശിച്ചു. റിപ്പോര്ട്ട് ലഭിക്കുന്നത് പ്രകാരം ഡ്രൈവര് യദുവിനെതിരെ നടപടിയെടുത്തേക്കും.
മേയര് ആരോപിക്കുന്നതുപോലെ ലൈംഗിക ചുവയോടെ ഒരു ആംഗ്യവും കാണിച്ചില്ലെന്നാണ് കെഎസ്ആര്ടിസിയിലെ എംപാനല് ജീവനക്കാരനായ യദുവിന്റെ വാദം. ബസിന് മുന്നില് വേഗത കുറച്ച് കാറോടിച്ച് മേയറും സംഘവും തന്നെ ബുദ്ധിമുട്ടിച്ചു. ഇതോടെ എന്താണ് കാണിക്കുന്നത് എന്ന് താന് ആംഗ്യം കാണിച്ചിരുന്നു. ഇതില് പ്രകോപിതരായാണ് മേയറും ഭര്ത്താവും ബസ് തടഞ്ഞു നിര്ത്തി ജോലി കളയുമെന്ന് ഭീഷണിപ്പെടുത്തിയത്. ശനിയാഴ്ച്ച രാത്രി പാളയത്താണ് ഡ്രൈവറും മേയറും വാക്കുതര്ത്തിലായത്. ഡ്രൈവറുമായി തര്ക്കിക്കുന്ന മേയറുടെ ദൃശ്യങ്ങളും പുറത്തുവന്നു.