കോഴിക്കോട്: ദല്ലാള് നന്ദകുമാറുമായുള്ള ബന്ധത്തില് പ്രകാശ് ജാവദേക്കറിനെയും ശോഭ സുരേന്ദ്രനെയും പരോക്ഷമായി വിമര്ശിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷന് പി രഘുനാഥ്. ബിജെപിയിലേക്ക് ആളെ കൊണ്ടുവരേണ്ടത് ദല്ലാളുമാരെ ഉപയോഗിച്ചല്ലെന്നും കളങ്കിതരുടെ കൂട്ടുകെട്ട് പൊതുപ്രവര്ത്തകര്ക്ക് ഭൂഷണമല്ലെന്നും രഘുനാഥ് ഫേസ്ബുക്കില് കുറിച്ചു. വിവാദങ്ങള് ചര്ച്ച ചെയ്യാന് മെയ് ഏഴിന് ജാവദേക്കര് സംസ്ഥാന നേതൃയോഗം വിളിച്ചിട്ടുണ്ട്.
പ്രകാശ് ജാവേദേക്കറിനെയും ശോഭ സുരേന്ദ്രനെയും പേരുപറയാതെ വിമര്ശിക്കുന്നതാണ് ബിജെപി സംസ്ഥാന ഉപാധ്യക്ഷന് പി രഘുനാഥിന്റെ പോസ്റ്റ്. നരേന്ദ്രമോദിയില് ആകൃഷ്ടരായാണ് ബിജെപിയിലേക്ക് ആളുകളെത്തുന്നത്. ദല്ലാളുമാര് വഴി ആരെയും കൊണ്ടുവരേണ്ടതില്ല. കളങ്കിതരുടെ ബന്ധം പൊതുപ്രവര്ത്തകര്ക്ക് ഭൂഷണമല്ലെന്നും രഘുനാഥ് വിമര്ശിച്ചു.
ദല്ലാള് ബന്ധത്തിലും ഇ പി ജയരാജന് കൂടിക്കാഴ്ചയും സംബന്ധിച്ചുള്ള വിവരങ്ങള് ജാവദേക്കര് യോഗത്തില് വിശദീകരിക്കും. ജെ പി നദ്ദയുടെ നിര്ദേശ പ്രകാരമാണ് യോഗം വിളിച്ചിരിക്കുന്നത്. ആലപ്പുഴയില് തിരഞ്ഞെടുപ്പ് പ്രചാരണം മുന്നേറുന്ന ഘട്ടത്തില് ദല്ലാള് നന്ദകുമാര് ആരോപണവുമായി രംഗത്തെത്തിയതിന് പിന്നില് ഉള്പാര്ട്ടി പ്രശ്നങ്ങളുണ്ടെന്ന് ശോഭ സുരേന്ദ്രന് ദേശീയ നേതൃത്വത്തിന് പരാതി നല്കിയിട്ടുമുണ്ട്.