മൈക്രോ ഫിനാൻസ് കേസ്: തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി; വെള്ളാപ്പള്ളിക്ക് തിരിച്ചടി

അഴിമതി നടന്നിട്ടില്ലെന്ന് വിജിലൻസിന്റെ റിപ്പോർട്ട് കോടതി നിരാകരിച്ചു

dot image

തിരുവനന്തപുരം: മൈക്രോ ഫിനാൻസ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തിരിച്ചടി. തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ഉത്തരവിട്ടു. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ നൽകിയ അപേക്ഷ കോടതി അംഗീകരിച്ചു. അഴിമതി നടന്നിട്ടില്ലെന്ന് വിജിലൻസിന്റെ റിപ്പോർട്ട് കോടതി നിരാകരിച്ചു. മൂന്നു മാസത്തിനകം അന്വേഷണം പൂർത്തിയാക്കാനാണ് നിർദ്ദേശം. വി എസിന്റെ ആക്ഷേപ ഹർജി കോടതി അംഗീകരിച്ചു.

15 കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നുവെന്നായിരുന്നു വെള്ളാപ്പള്ളിക്കെതിരായ വിഎസ്സിന്റെ പരാതി. പിന്നാക്ക ക്ഷേമ കോർപ്പറേഷനിൽ നിന്നെടുത്ത വായ്പ താഴേത്തട്ടിലേക്ക് വിതരണം ചെയ്ത് തട്ടിപ്പ് നടത്തിയെന്നും വിഎസ്സിന്റെ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതോടെയാണ് വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്.

എന്നാൽ തുടർന്നുള്ള വിജിലൻസ് അന്വേഷണത്തിലാണ് അഞ്ച് കേസുകൾ എഴുതി തളളാൻ തീരുമാനിച്ചിരിക്കുന്നത്. വായ്പ നൽകിയ പണം തിരിച്ചടച്ചുവെന്നും പണം താഴേത്തട്ടിലേക്ക് നൽകിയതിൽ ക്രമക്കേട് കണ്ടെത്താനായിട്ടില്ലെന്നുമാണ് വിജിലൻസ് റിപ്പോർട്ട്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് അന്വേഷണം ആരംഭിച്ചത്.

dot image
To advertise here,contact us
dot image