തൃശ്ശൂർ: സിപിഐഎം തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. പണത്തിൻ്റെ ഉറവിടം സിപിഐഎമ്മിന് വ്യക്തമാക്കാനായില്ലെന്ന് ആദായ നികുതി വകുപ്പ് പ്രതികരിച്ചു.
തൃശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽ നിക്ഷേപിക്കാൻ കൊണ്ടുവന്ന തുകയാണ് പിടിച്ചെടുത്തത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം സിപിഐഎം പിൻവലിച്ച ഒരു കോടി രൂപയാണ് ബാങ്കിൽ നിക്ഷേപിക്കാൻ ശ്രമിച്ചത്. നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് പണം വീണ്ടും നിക്ഷേപിക്കാൻ സിപിഐഎം ജില്ലാ സെക്രട്ടറി എം എം വര്ഗീസ് എംജി റോഡിലുള്ള ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽ എത്തിയത്. നേരത്തെ പിൻവലിച്ച തുകയുടെ സീരിയൽ നമ്പറുകൾ ആദായ നികുതി വകുപ്പ് പരിശോധിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ മുമ്പാകെ ഈ അക്കൗണ്ട് ബോധിപ്പിച്ചിട്ടില്ലെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
സംഭവത്തിൽ പാർട്ടി ജില്ലാ സെക്രട്ടറി എം എം വർഗീസിൻ്റെ മൊഴിയെടുത്തിട്ടുണ്ട്. പണത്തിന്റെ ഉറവിടം കാണിക്കാൻ ആവശ്യപ്പെട്ടിട്ടുമുണ്ട്. നേരത്തെ, തുക പിൻവലിച്ചത് ആദായ നികുതി വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുർടന്ന് ബാങ്കിലെത്തി പരിശോധന നടത്തുകയും അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തിരുന്നു.