കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസിന് വീണ്ടും ഇഡി നോട്ടീസ്. നാളെ ഹാജരാകാനാണ് നിർദ്ദേശം. ഇന്നലത്തെ ചോദ്യം ചെയ്യലിനു ശേഷമാണ് വീണ്ടും നോട്ടീസ് നൽകിയത്. ആറാം തവണയാണ് കരുവന്നൂർ കേസിൽ എംഎം വർഗീസിനെ ഇഡി ചോദ്യം ചെയ്തത്. സിപിഐഎം തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെയും കീഴ്ഘടകങ്ങളുടെയും സ്വത്ത് വിവരങ്ങളാണ് ഇന്നലത്തെ ചോദ്യം ചെയ്യലിൽ ഇഡി ചോദിച്ചറിഞ്ഞത്.
ആവശ്യപ്പെട്ട വിവരങ്ങൾ ഇഡിക്ക് കൈമാറിയെന്നും ഇനിയും വിളിപ്പിച്ചാൽ ഹാജരാകുമെന്നും ചോദ്യം ചെയ്യലിനു ശേഷം വർഗീസ് പ്രതികരിച്ചു. തൃശ്ശൂരിൽ സിപിഎഐമ്മിന്റെ വിവിധ കമ്മിറ്റികൾക്കുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കാൻ ആണ് വർഗീസിനോട് ഇഡി ആവശ്യപ്പെട്ടത്. കരുവന്നൂർ ബാങ്കിന് പുറമെ തൃശൂർ ജില്ലയിലെ മറ്റ് സഹകരണ ബാങ്കുകളിലും സിപിഐഎമ്മിന് രഹസ്യ അക്കൗണ്ടുകൾ ഉണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
കരുവന്നൂർ ബാങ്കിൽ നിന്ന് ബിനാമി വായ്പകൾ വഴി തട്ടിയെടുത്ത പണത്തിന്റെ പങ്ക് ഈ അക്കൗണ്ടുകളിലേക്ക് എത്തിയിട്ടുണ്ടോ എന്നാണ് ഇഡി പരിശോധിക്കുന്നത്. കരുവന്നൂർ കള്ളപണ ഇടപാട് കേസിൽ വർഗീസിന് പുറമെ സിപിഐഎം നേതാക്കളായ പികെ ബിജു, എസി മൊയ്തീൻ എന്നിവരെയും ഇഡി ചോദ്യം ചെയ്തിരുന്നു.