മലപ്പുറം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വലിയ പ്രതീക്ഷയിലെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍. ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ ആശാവഹമാണ്. യുഡിഎഫിന് 20 സീറ്റുകളിലും വിജയസാധ്യതയുണ്ട്. നല്ല ഭൂരിപക്ഷത്തില്‍ ഇ ടി മുഹമ്മദ് ബഷീറും സമദാനിയും വിജയിക്കുമെന്നും സാദിഖലി തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മലപ്പുറത്തും പൊന്നാനിയിലും പോളിങ് കുറഞ്ഞത് ലീഗ് വോട്ടുകള്‍ കുറഞ്ഞതുകൊണ്ടല്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബൂത്തുകള്‍ പരിശോധിച്ചാല്‍ അത് മനസിലാകും. സിപിഐഎമ്മിന്റെ പട്ടികയില്‍ പോലും മലപ്പുറവും പൊന്നാനിയും ഇല്ല. വേണമെങ്കില്‍ ഭൂരിപക്ഷത്തെ കുറിച്ച് ചര്‍ച്ച ചെയ്യാം. വടകരയിലെ വര്‍ഗീയ പ്രചാരണം ലീഗ് പ്രവര്‍ത്തകര്‍ ഒരിക്കലും ചെയ്യില്ലെന്നും ലീഗ് വര്‍ഗീയ പ്രചാരണം നടത്തി എന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ലീഗിന് വോട്ട് ഇല്ലാത്ത സ്ഥലത്ത് പോലും ലീഗിന് വലിയ സ്വീകാര്യത ലഭിച്ചു. യൂത്ത് ലീഗിലെ വനിതാ പ്രാതിനിധ്യം സംബന്ധിച്ച് സാദിഖലി തങ്ങളുടെ പ്രതികരണം ഇങ്ങനെ, എംഎല്എഫില് ആദ്യമേ വനിതാ പ്രതിനിധ്യം ഉണ്ട്. ലീഗിലും ആദ്യമേ ഉണ്ട്. യൂത്ത് ലീഗില്‍ ഇപ്പോള്‍ വന്നു എന്നേയുള്ളൂ.'
അതേസമയം ഇ പി ജയരാജന്- ജാവദേക്കര്‍ കൂടിക്കാഴ്ച വിഷയത്തില്‍ നിന്ന് പി കെ കുഞ്ഞാലിക്കുട്ടി ഒഴിഞ്ഞുമാറി. തിരഞ്ഞെടുപ്പ് കാലത്ത് ഈ വിഷയമൊക്കെ കുറേ ചര്‍ച്ച ചെയ്തതല്ലേ എന്നായിരുന്നു മറുപടി. ഈ വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ ഇല്ല. ഇതിലെ വിശദീകരണമൊക്കെ അവരോട് ചോദിക്കുന്നതാണ് നല്ലതെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.