കൊച്ചി: കെ സുധാകരനും ശോഭ സുരേന്ദ്രനുമെതിരെ ഗൂഢാലോചനക്കുറ്റത്തിന് പരാതി നല്കിയെന്ന് ദല്ലാള് ടി ജി നന്ദകുമാര്. ഡിജിപിക്കും പാലാരിവട്ടം പൊലീസിനുമാണ് പരാതി നല്കിയത്. 15 ദിവസത്തിനകം നടപടി ഉണ്ടായില്ലെങ്കില് കോടതിയില് പോകും. ആര് പറഞ്ഞാലും ഇപിയുമായുള്ള ബന്ധം അവസാനിപ്പിക്കാന് കഴിയില്ല. പിണറായി വിജയന് ആത്മാര്ത്ഥതയുള്ള വ്യക്തിയാണ്. പിണറായി രണ്ട് തവണ സഹായിച്ചെന്നും നന്ദകുമാര് വാര്ത്താസമ്മേളനത്തില് പറഞ്ഞു.
ശോഭ സുരേന്ദ്രന് തട്ടിപ്പുകാരിയാണെന്നും ടി ജി നന്ദകുമാര് ആരോപിച്ചു. കെ സുധാകരനും ശോഭയും പറയുന്നത് പച്ചക്കള്ളമാണ്. ശോഭ സുരേന്ദ്രന് മീറ്റിങില് പങ്കെടുത്തിട്ടില്ലെന്നും നന്ദകുമാര് പറഞ്ഞു. ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയില് ശോഭ സുരേന്ദ്രന് പങ്കാളിയായിട്ടില്ല. ഇപി രാമനിലയത്തില് വെച്ച് ജാവദേക്കറെ കണ്ടെന്നും ഡല്ഹി സന്ദര്ശിച്ചുവെന്നും ശോഭ പറയുന്നത് സുധാകരനുമായുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. ബിജെപിയില് നേരിടുന്ന അവഗണനയില് നിന്ന് പുറത്തുകടക്കാനുള്ള ശ്രമമാണ് ശോഭ സുരേന്ദ്രന്റേത്.
കേഡര് പൊലീസ് ആണ് ഇപിക്ക് ഒപ്പമുള്ളത്. ഇപിക്ക് രഹസ്യമായി വരാനൊന്നും പറ്റില്ല. സര്പ്രൈസ് എന്ന് പറഞ്ഞാണ് ജാവദേക്കറുമായി ഇപിയെ കാണാന് പോയത്. വൈദേകം അന്വേഷണം സംബന്ധിച്ച് ജാവദേക്കര് പറഞ്ഞപ്പോള് ഇപി ചൂടായി. തൃശൂര് ജയിക്കണം എന്ന് മാത്രമായിരുന്നു ജാവദേക്കറുടെ ആവശ്യം. അതിനെന്ത് ഡീലിങ്ങിനും തയ്യാറായിരുന്നു. അഡ്ജസ്റ്റ്മെന്റ് ആയിരുന്നു ജാവദേക്കറുടെ ലക്ഷ്യം. പാര്ട്ടി മാറ്റം ആയിരുന്നില്ല.
താന് ഫ്രോഡ് ആണെങ്കില് അതിനേക്കാള് വലിയ ഫ്രോഡ് ആണ് എം വി ഗോവിന്ദന്റെ മകന്. ഇപിക്കെതിരെ നടപടിയുണ്ടാകില്ല. നടപടി എടുക്കാന് പറ്റാത്തവിധം കുഴഞ്ഞുമറിഞ്ഞു കിടക്കുകയാണ് സിപിഐഎം. ലാവ്ലിന് കേസ് ഇനിയും നീളും. അപ്പോഴേക്കും പോള് റിസല്ട്ട് വരുമെന്നും ടി ജി നന്ദകുമാര് പറഞ്ഞു.