തിരുവനന്തപുരം: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയെ തുടര്ന്നുണ്ടായ വിവാദത്തില് പൊലീസില് പരാതി നല്കി എല്ഡിഎഫ് കണ്വീനര് ഇ പി ജയരാജന്. വിഷയത്തില് നടന്ന ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇ പി ജയരാജന്റെ പരാതി. ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്, ടി ജി നന്ദകുമാര്, കെ സുധാകരൻ എന്നിവര്ക്കെതിരെയാണ് പരാതി. ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്കാണ് പരാതി നല്കിയിരിക്കുന്നത്. ഗൂഢാലോചന അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വിഷയവുമായി ബന്ധപ്പെട്ട് ശോഭാ സുരേന്ദ്രന്, ടി ജി നന്ദകുമാര്, കെ സുധാകരന് എന്നിവര്ക്കെതിരെ നേരത്തെ എല്ഡിഎഫ് കണ്വീനര് വക്കീല് നോട്ടീസ് അയച്ചിരുന്നു. ആരോപണങ്ങള് പിന്വലിച്ച് മാപ്പ് പറയണമെന്നായിരുന്നു നോട്ടീസിലെ ആവശ്യം.
ശോഭാ സുരേന്ദ്രനാണ് നേരത്തെ ജാവദേക്കർ ഇ പി ജയരാജൻ കൂടിക്കാഴ്ച ചർച്ചയാക്കിയത്. പിന്നാലെ തന്റെ സാന്നിധ്യത്തില് പ്രകാശ് ജാവദേക്കര് ഇ പി ജയരാജനെ കണ്ടുവെന്ന് ടി ജി നന്ദകുമാറും വെളിപ്പെടുത്തിയിരുന്നു. തൃശ്ശൂരില് ഇടതുമുന്നണി സഹായിച്ചാല് ബിജെപിക്ക് അക്കൗണ്ട് തുറക്കാന് കഴിയുമെന്ന് ജാവദേക്കര് ജയരാജനോട് പറഞ്ഞിരുന്നുവെന്നും പകരം ലാവലിന് കേസ്, സ്വര്ണ്ണക്കടത്ത് കേസ് എന്നിവ സെറ്റില് ചെയ്ത് തരാം എന്ന് ഉറപ്പ് കൊടുത്തുവെന്നുമായിരുന്നു നന്ദകുമാറിൻ്റെ വെളിപ്പെടുത്തൽ. എന്നാല് ജയരാജന് സമ്മതിച്ചില്ലെന്നും നന്ദകുമാർ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് ദിവസം രാവിലെ വോട്ട് ചെയ്തിറങ്ങിയ ഇ പി ജയരാജൻ ജാവദേക്കറെ കണ്ടെന്ന് സമ്മതിച്ചിരുന്നു. തൻ്റെ മകന്റെ വീട്ടില് വന്ന് ജാവദേക്കര് കണ്ടിരുന്നുവെന്ന് ജയരാജൻ സമ്മതിക്കുകയായിരുന്നു.
ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച്ചയില് ഇ പി ജയരാജനെ നേരത്തെ സിപിഐഎം ന്യായീകരിച്ചിരുന്നു. ഇ പി ജയരാജനെതിരെ ആസൂത്രിത നീക്കമാണ് നടക്കുന്നതെന്ന് സിപിഐംഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് വ്യക്തമാക്കിയിരുന്നു. ബിജെപി നേതാവിനെ ഒരു വര്ഷം മുമ്പ് കണ്ടത് ജയരാജന് തന്നെ വിശദീകരിച്ച കാര്യമാണ്. എതിര്പക്ഷത്തുള്ള നേതാവിനെ കണ്ടാല് ഇല്ലാതാകുന്നതല്ല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം. ജയരാജന് എല്ഡിഎഫ് കണ്വീനറായി തുടരും. വസ്തുതകള് തുറന്നു പറയുകയാണ് ഇ പി ചെയ്തത്. സത്യസന്ധമായാണ് കാര്യങ്ങള് പറഞ്ഞത്. അത് പാര്ട്ടിക്ക് ദോഷം ചെയ്യില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു.
ഇ പിക്കെതിരെയുള്ള ആസൂത്രിത നീക്കത്തില് നിയമനടപടികള്ക്ക് ജയരാജനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ദല്ലാള് നന്ദകുമാറിനെ പോലുള്ളവരുമായുള്ള ബന്ധങ്ങള് അവസാനിപ്പിക്കുക തന്നെ വേണം. അത് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നന്ദകുമാറുമായുള്ള ബന്ധം മുമ്പേ അവസാനിപ്പിച്ചു എന്ന് ജയരാജന് വ്യക്തമാക്കി. വോട്ടെടുപ്പ് ദിവസത്തെ ജയരാജന്റെ തുറന്നു പറച്ചില് പാര്ട്ടിയെ ബാധിക്കേണ്ട കാര്യമില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞിരുന്നു.