മലപ്പുറം: ഗതാഗത വകുപ്പ് മന്ത്രിക്കെതിരെ രൂക്ഷ പ്രതികരണവുമായി സിഐടിയു. മലപ്പുറത്തെ മാഫിയ എന്ന മന്ത്രിയുടെ പരാമര്ശത്തിനെതിരെയാണ് സിഐടിയു രംഗത്തുവന്നത്. മലപ്പുറം എന്ന് കേള്ക്കുമ്പോള് രോഷം കൊള്ളുന്നത് മന്ത്രിയുടെ വേറെ സൂക്കേടാണ്. കേരളത്തിലെ 86 ഇടങ്ങളിലും സമരം ഉണ്ട്. സമരം നടത്തുന്നത് തൊഴിലാളികളാണ്. മാഫിയകള് അല്ല. ഗതാഗത മന്ത്രിയുടെത് അധിക്ഷേപ പരാമര്ശമാണെന്നും പാരമാര്ശം പിന്വലിച്ച് മന്ത്രി മാപ്പ് പറയണമെന്നും സിഐടിയു ആവശ്യപ്പെട്ടു.
തൊപ്പിയും തലേക്കെട്ടും കാണുമ്പോഴുള്ള പ്രതിഷേധമാണ്. സമര മാര്ഗത്തെയാണ് മന്ത്രി അധിക്ഷേപിച്ചത്. ആര്ടിഒ ഓഫീസിലെ അഴിമതിക്ക് ഉത്തരവാദികള് മന്ത്രിക്ക് കീഴിലെ ഉദ്യോഗസ്ഥരാണ്. സംസ്ഥാനത്ത് ഉടനീളം പ്രതിഷേധമുണ്ട്. തിരുവനന്തപുരത്ത് സമരമുണ്ട്. അതൊന്നും മാഫിയ അല്ലേ. അതില് മലപ്പുറത്തെ മാത്രം എന്തിനാണ് അധിക്ഷേപിക്കുന്നത്. കേരളത്തിലെ ഒരു ജില്ല തന്നെ അല്ലേ മലപ്പുറവും. മന്ത്രിക്ക് വേറെ ഉദ്ദേശങ്ങള് ഉണ്ടാകുമെന്നും ഡ്രൈവിങ് സ്കൂള് വര്ക്കേഴ്സ് യൂണിയന് (സിഐടിയു )ജില്ലാ സെക്രട്ടറി അബ്ദുല് ഗഫൂര് റിപ്പോര്ട്ടറിനോട് പറഞ്ഞു.
മലപ്പുറത്ത് ഒരു മാഫിയ ഉണ്ട്. അവരാണ് പരിഷ്കാരങ്ങള്ക്കെതിരെ പ്രതിഷേധിക്കുന്നത്. അത് വിലപ്പോകില്ല. എന്നായിരുന്നു മന്ത്രി ഗണേഷ് കുമാറിന്റെ പരാമര്ശം. ഡ്രൈവിങ് സ്കൂള് ഉടമകളുടെ കച്ചവട താത്പര്യത്തിന് വേണ്ടി ആളുകളുടെ ജീവന് ബലികൊടുക്കാനാകില്ല. ലൈസന്സ് നിസ്സാരമായി നല്കാന് ബുദ്ധിമുട്ടുണ്ടെന്നും റോഡ് സുരക്ഷ ഉറപ്പാക്കാന് വേണ്ടിയാണ് പരിഷ്കാരങ്ങളെന്നും അദ്ദേഹം റിപ്പോര്ട്ടറിനോട് പറഞ്ഞു.
ജനങ്ങള്ക്ക് വേണ്ടിയാണ് പരിഷ്കാരങ്ങള് നടപ്പാക്കുന്നത്. അത് മനസ്സിലാക്കണമെന്നും ഗണേഷ് കുമാര് വ്യക്തമാക്കി. പ്രതിദിന ടെസ്റ്റുകളുടെ എണ്ണം കൂടിയതും ലൈസന്സ് അനുവദിച്ചതും അത്ഭുതപ്പെടുത്തി. ടെസ്റ്റിന് സര്ക്കാര് സംവിധാനം ഉണ്ടാക്കും. മലപ്പുറം ആര് ടി ഓഫീസില് വലിയ വെട്ടിപ്പിന് ശ്രമം നടന്നു. അത് സര്ക്കാര് അനുവദിക്കില്ല. ക്രമക്കേട് കാണിക്കുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടുമെന്നും മന്ത്രി കൂട്ടിച്ചേര്ത്തു. ഡ്രൈവിങ് സ്കൂളുകളുടെ ഗ്രൗണ്ടില് ടെസ്റ്റ് വേണ്ടെന്നും സര്ക്കാര് സ്ഥലം വാടകയ്ക്കെടുത്ത് ടെസ്റ്റ് നടത്തുമെന്നും വ്യക്തമാക്കിയ മന്ത്രി ഗുണ്ടായിസം സര്ക്കാരിനോട് നടക്കില്ലെന്നും മലപ്പുറത്തെ വേല കയ്യില് വെച്ചാല് മതിയെന്നും പറഞ്ഞു.