ചൂട് കൂടുന്നു; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകനയോഗം

ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലാണ് യോഗം

dot image

തിരുവനന്തപുരം: സംസ്ഥാനത്തെ ചൂട് വിലയിരുത്താൻ അവലോകനയോഗം ചേരുന്നു. ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലാണ് യോഗം. മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്.

അതേസമയം, സംസ്ഥാനത്ത് താപതരംഗ സാധ്യത ഒരു പരിധി വരെ കുറഞ്ഞുവെങ്കിലും പകൽ സമയത്തെ വെയില് കഠിനമായി തന്നെ തുടരുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ് പറഞ്ഞു. രാവിലെ 11 മണിമുതല് വൈകുന്നേരം മൂന്ന് മണിവരെയുള്ള വെയിൽ കൊള്ളരുത് എന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വേനൽ മഴ കാരണം ഉഷ്ണ തരംഗ സാധ്യത കുറഞ്ഞു, എങ്കിലും ചൂട് തുടരുമെന്ന് ഡോ. ശേഖർ കുര്യാക്കോസ് റിപ്പോർട്ടറിനോട് പറഞ്ഞു.

മരണത്തിലേക്ക് നയിക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നോട്ട് വെച്ചിട്ടുള്ള നിർദേശങ്ങൾ പാലിക്കുക എന്നതാണ് വ്യക്തി സുരക്ഷ ഉറപ്പാക്കാൻ ഏറ്റവും അത്യവശ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ജാഗ്രത നിർദേശങ്ങൾ പാലിക്കുക. അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക, ധാരാളം വെള്ളം കുടിക്കുക, മറ്റ് രോഗം കൊണ്ട് ബുദ്ധിമുട്ടുന്നവർ പരമാവതി വെയിൽ കൊള്ളാതിരിക്കുക. ആരോഗ്യമുള്ളവരും ജോലിക്ക് പോകുന്നവരും കുട ഉപയോഗിക്കുക. തൊപ്പി ഉപയോഗിക്കാൻ ശ്രമിക്കണം. ചായ പോലുള്ള ചൂടുള്ള പദാർത്ഥങ്ങൾ കഴിക്കുന്നതിന് പകരം ശുദ്ധമായ തണുത്ത വെള്ളം കുടിക്കുക.

വളർത്തുമൃഗങ്ങളുടെ കാര്യത്തിലും ശ്രദ്ധ വേണം. നിരന്തരം മൃഗങ്ങൾക്ക് വെള്ളം ഉറപ്പാക്കുക. വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുമ്പോൾ സൂര്യാഘാതം ഏൽക്കാൻ സാധ്യതയുണ്ട്. വേനൽ മഴയ്ക്ക് ഒപ്പമുള്ള ഇടിമിന്നലും അപകടകാരിയാണ്. ഇടിമിന്നൽ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും ശേഖർ കുര്യാക്കോസ് കൂട്ടിച്ചേർത്തു.

dot image
To advertise here,contact us
dot image