തൃശ്ശൂർ: സിപിഐഎം തൃശ്ശൂർ ജില്ലാ കമ്മിറ്റി കൈകാര്യം ചെയ്യുന്ന ബാങ്ക് അക്കൗണ്ടിലെ പാൻ നമ്പർ തെറ്റായി രേഖപ്പെടുത്തിയത് ബാങ്കിന്റെ വീഴ്ചയെന്ന് പാർട്ടി സെക്രട്ടറി എം എം വർഗീസ്. സംഭവത്തിൽ സിപിഐഎം തൃശ്ശൂർ ജില്ലാ കമ്മിറ്റിയോട് ബാങ്ക് ഓഫ് ഇന്ത്യ ക്ഷമ ചോദിച്ചതായി അദ്ദേഹം പറഞ്ഞു. പാൻ നമ്പറിലെ ഒരു അക്ഷരമാണ് മാറിയത്. എന്നാൽ ബാങ്ക് അധികൃതർ അതേപറ്റി വിശദീകരണം നൽകാൻ തയ്യാറായിട്ടില്ല. അക്കൗണ്ട് മരവിപ്പിച്ചത് രാഷ്ട്രീയ പകപ്പോക്കലാണെന്നാണ് സിപിഐഎം വിലയിരുത്തുന്നത്.
പാർട്ടിയുടെ അഖിലേന്ത്യ തലത്തിലുള്ള ഏക പാൻ നമ്പറാണ് തെറ്റിച്ചത്. തെറ്റിയത് മാറ്റി ക്രമീകരിക്കാനുള്ള അധികാരം ആദായനികുതി വകുപ്പിനുണ്ടെങ്കിലും തിരഞ്ഞെടുപ്പ് സമയമായതിനാൽ അക്കൗണ്ട് മരവിപ്പിക്കുകയായിരുന്നു. ഇതിനെതിരെ പാർട്ടി നിയമനടപടിയിലേക്ക് കടക്കുകയാണ്. പാൻ നമ്പറിൽ ഓഡിറ്റിങ്ങും റിട്ടേൺ സമർപ്പിക്കലും പാർട്ടി നടത്താറുണ്ടെന്നും വർഗീസ് പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ബാങ്കിൽ നിന്ന് ഒരു കോടിയോളം രൂപ പിൻവലിച്ചതാണ് പ്രശ്നത്തിന് തുടക്കമിട്ടത്. പെരുമാട്ട ചട്ടം നിലനിലൽക്കേ വലിയ തുക പിൻവലിച്ചാൽ ആദായനികുതി വകുപ്പിനെ അറിയിക്കണമെന്ന വ്യവസ്ഥയുണ്ടെന്ന് വർഗീസ് വ്യക്തമാക്കി. അതുപ്രകാരം ബാങ്ക് അധികൃതർ വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. പാർട്ടിയുടെ നമ്പർ യഥാർത്ഥ പാൻ നമ്പറുമായി ബന്ധിപ്പിച്ചിട്ടില്ലെന്നും കോടികളുടെ ഇടപാട് നടന്നിട്ടുണ്ടെന്നും ആദായ നികുതി ഉദ്യോഗസ്ഥർ കണ്ടെത്തി. പിന്നാലെ അക്കൗണ്ട് അനധികൃതമാണെന്നും നടന്ന ഇടപാടുകൾ കണക്കിൽ കാണിക്കാത്ത പണമാണെന്നും വിലയിരുത്തി ഉടൻ അക്കൗണ്ട് മരവിപ്പിച്ചു.
പാർട്ടി പിൻവലിച്ച പണം കണക്കിൽ കാണിക്കാത്തതായി വകയിരുത്തുകയും ചെയ്തു. അത് ചെലവഴിക്കാതെ സൂക്ഷിക്കാൻ നിർദേശിച്ചു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പിൻവലിച്ച തുക വിനിയോഗിക്കാനാകാത്തതും അക്കൗണ്ടുകൾ മരവിപ്പിച്ചതും പാർട്ടിക്ക് കനത്ത തിരിച്ചടിയായിരുന്നു. അനധികൃത അക്കൗണ്ടിൽ കോടികളുടെ നിക്ഷേപമുണ്ടെന്ന പ്രചാരണവും പ്രതിഛായ മോശമാക്കി. ആദായ നികുതി ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശ പ്രകാരമാണ് ഒരു കോടി രൂപ ഏപ്രിൽ 30ന് ബാങ്കിൽ നിക്ഷേപിച്ചതെന്ന് വർഗീസ് കൂട്ടിച്ചേർത്തു.