ഓൺലൈന് ആപ്പ് വഴി തട്ടിയെടുത്തത് 25 കോടി; ഗുണ്ടകളെ കൊണ്ട് പൊലീസിന് ഭീഷണി, ഒടുവില് പിടിയില്

വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് 'മൈ ക്ലബ് ട്രേഡ്സ്' എന്ന ഓൺലൈൻ ആപ്പ് വഴിയാണ് ഇയാൾ പണം തട്ടിയത്

dot image

തൃശ്ശൂർ: ഓൺലൈൻ ആപ്പ് വഴി 25 കോടി രൂപ തട്ടിയ കേസിലെ മുഖ്യപ്രതിയും സൂത്രധാരനുമായ യുവാവ് പിടിയിൽ. മലപ്പുറം കാളികാവ് അമ്പലക്കടവ് പാലയ്ക്കത്തൊടി വീട്ടിൽ മുഹമ്മദ് ഫൈസലാണ് തൃശ്ശൂർ സിറ്റി ജില്ല ക്രൈംബ്രാഞ്ചിൻ്റെ പിടിയിലായത്. വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് 'മൈ ക്ലബ് ട്രേഡ്സ്' എന്ന ഓൺലൈൻ ആപ്പ് വഴിയാണ് ഇയാൾ പണം തട്ടിയത്. എംസിടി ആപ്ലിക്കേഷൻ വഴി ലഭിച്ച ഡോളർ എമെർ കോയിനിലേക്ക് മാറ്റാൻ എറണാകുളത്തുള്ള ഫ്ലാറ്റിൽ എത്തിയതറിഞ്ഞാണ് ക്രൈംബ്രാഞ്ച് സ്ഥലത്തെത്തിയത്. ഫ്ലാറ്റിൽ ഒളിവിലായിരുന്ന മുഹമ്മദ് ഫൈസൽ പൊലീസ് എത്തുന്നത് കണ്ട് ഗുണ്ടകളെ കൊണ്ട് പൊലീസിനെ വിളിച്ച് ഭീഷണിപ്പെടുത്തിയ ശേഷം ഫ്ലാറ്റിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്.

പൊലീസ് കസ്റ്റഡിയിൽ ജയിലിൽ ഉണ്ടായിരുന്ന പ്രതി മലാക്ക രാജേഷിനൊപ്പം മലപ്പുറം ജില്ലയിലാണ് തട്ടിപ്പ് തുടങ്ങിയത്. സംസ്ഥാനത്ത് ഹോട്ടലുകളും ടൂറിസ്റ്റ് ഹോമുകളും കേന്ദ്രീകരിച്ച് പ്രൊമോഷൻ ക്ലാസ് നടത്തിയും ഗൂഗിൾ മീറ്റ് വഴിയും ആളുകളെ ആകർഷിച്ച് നിക്ഷേപം സ്വീകരിച്ചു. മലാക്ക രാജേഷ്, അഡ്വ പ്രവീൺ മോഹൻ, ഷിജോ പോൾ, സ്മിത, ജോബി എന്നിവരെ ഇതേ കേസിൽ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. തട്ടിപ്പിൽ വീഴുന്നവരുടെ ഫോണിൽ എംസിടി ആപ്പ് ഇൻസ്റ്റാൾ ചെയ്ത് 256 ദിവസം കൊണ്ട് നിക്ഷേപിച്ച പണം ഇരട്ടിയായി തിരിച്ച് നൽകാമെന്ന് പറഞ്ഞ് പണമായി വാങ്ങുകയാണ് ചെയ്തിരുന്നത്. പണം നിക്ഷേപിക്കുമ്പോൾ ആളുകളുടെ മൊബൈൽ ഫോണിൽ പണത്തിന് തുല്യമായ നിരക്കിന്റെ ഡോളർ കാണുന്ന രീതിയിലായിരുന്നു തട്ടിപ്പ്.

പണം നിക്ഷേപിച്ചവരുടെ മൊബൈൽ ഫോണിലെ ആപ്ലിക്കേഷനിൽ കാണുന്ന ഡോളറിന് പകരമായി എമെർ കോയിൻ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇപ്പോഴും തട്ടിപ്പ് തുടരുന്നതെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻറ് ചെയ്തു. അസി പൊലീസ് കമീഷണർ ആർ മനോജ് കുമാറിന്റെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർ എഎം യാസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ തൃശൂർ ജില്ലയിൽ മാത്രം 28 കേസുണ്ട്. കേരളത്തിലെ മറ്റുപല പൊലീസ് സ്റ്റേഷനുകളിലും കേസുണ്ട്.

ബന്ധുവിനെ രക്ഷിക്കാന് ശ്രമിക്കവേ മുങ്ങിമരണം; കൊല്ലത്ത് മൂന്ന് പേര് മരിച്ചു
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us