കണ്ണൂര്: മുംബൈ പൊലീസിനെന്നും ലണ്ടനില് നിന്നുമുള്ള ഡോക്റെന്നും സ്വയം പരിചയപ്പെടുത്തി കണ്ണൂരില് സൈബര് തട്ടിപ്പ്. രണ്ട് സംഭവങ്ങളിലായി രണ്ടു പേര്ക്ക് നഷ്ട്ടമായത് നാലര ലക്ഷത്തോളം രൂപ. മുംബൈ പോലീസ് ആണെന്ന വ്യാജേന ഫോണ് ചെയ്ത് മട്ടന്നൂര് സ്വദേശിയില് നിന്ന് 3,54,478 രൂപ തട്ടിയെടുത്തതായാണ് പരാതി. പരാതിക്കാരന്റെ പേരില് ഒരു കൊറിയര് ഇറാനിലേക്ക് അയച്ചിട്ടുണ്ടെന്നും അതില് നിങ്ങളുടെ പേരിലുള്ള കാലാവധി കഴിഞ്ഞ പാസ്പോര്ട്ട്, ക്രെഡിറ്റ് കാര്ഡ്, മാരക മയക്കുമരുന്നായ എംഡിഎംഎ എന്നിവ അയച്ചിട്ടുണ്ടെന്ന് പറഞ്ഞ് മുബൈ പൊലീസില് നിന്നാണെന്ന് പരിചയപ്പെടുത്തിയ ഒരാള് ഫോണ് വിളിക്കുകയായിരുന്നു.
ശേഷം ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ്റ് ആവശ്യപ്പെടുകയും പരാതിക്കാരന്റെ അക്കൗണ്ടിലെ പണം ആര്ബിഐ വെരിഫിക്കേഷനു വേണ്ടി അയാള് പറയുന്ന അക്കൗണ്ടിലേക് അയച്ചു നല്കാന് ആവശ്യപ്പെടുകയും അത് വിശ്വസിച്ച പരാതിക്കാരന് 3,54.478 രൂപ നല്കുകയായിരുന്നു. പിന്നീട് ഇത് തട്ടിപ്പാണെന്ന് മനസ്സിലായതോടെയാണ് പണം നഷ്ട്ടപ്പെട്ടയാള് മട്ടന്നൂര് പൊലീസില് പരാതി നല്കിയത്.
ഫേസ്ബുക്കില് ലണ്ടനില് നിന്നുള്ള ഡോക്ടര് ആണെന്ന വ്യാജേന സൗഹൃദം സ്ഥാപിച്ചാണ് മുഴപ്പാല സ്വദേശിനിക്ക് 1,90,000 രൂപ നഷ്ടപ്പെട്ടത്. പരാതിക്കാരിക്ക് വിലപിടിപ്പുള്ള സമ്മാനങ്ങള് അയച്ചിട്ടുണ്ടെന്നും ഡോക്ടര് സന്ദേശമയച്ചു. ശേഷം നിങ്ങളുടെ പേരില് ഒരു പാര്സല് വന്നിട്ടുണ്ടെന്നും അത് ലഭിക്കുന്നതിന് കസ്റ്റംസ് ക്ലിയറന്സിനായി പറയുന്ന അക്കൗണ്ടുകളിലേക്ക് പണം അയച്ചുകൊടുക്കണമെന്നും പറഞ്ഞ് പാര്സല് കമ്പനിയില് നിന്നാണെന്ന വ്യാജേന വിളിച്ചാണ് തട്ടിപ്പിനിരയാക്കിയത്.