സുഗന്ധഗിരി അനധികൃത മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്ന കരീം ഗുരുതര വീഴ്ച വരുത്തി; ശിക്ഷ സ്ഥലമാറ്റം

ഡിഎഫ്ഒയുടെ ഭാഗത്ത് നിന്നും ഗുരുതരമായ കൃത്യവിലോപമുണ്ടായതായി സര്ക്കാര് കരുതുന്നതായും സ്ഥലംമാറ്റ ഉത്തവിലുണ്ട്

dot image

തിരുവനന്തപുരം: സുഗന്ധഗിരിയിലെ അനധികൃത മരംമുറിയിൽ സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്ന കരീമിനെതിരെ നടപടി. ഗുരുതരമായ കൃത്യവിലോപം ചൂണ്ടിക്കാണിച്ച ഉത്തരവിൽ സ്ഥലമാറ്റ നടപടിയാണ് വനംവകുപ്പ് ഷജ്നയ്ക്കെതിരെ ശുപാർശ ചെയ്തിരിക്കുന്നത്. കാസർകോട് അസിസ്റ്റൻഡ് ഫോറസ്റ്റ് കൺസർവേറ്റർ സ്ഥാനത്തേക്കാണ് ഷജ്നയെ സ്ഥലം മാറ്റിയിരിക്കുന്നത്. ഒലവക്കോട് അസിസ്റ്റൻഡ് ഫോറസ്റ്റ് കൺസർവേറ്റർക്ക് സൗത്ത് വയനാട് ഡിഎഫ്ഒയുടെ ചുമതല. നേരത്തെ ഷജ്നയെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിച്ചത് വിവാദമായിരുന്നു.

വിജിലന്സ് ആന്ഡ് ഫോറസ്റ്റ് ഇന്റലിജന്സ് വിഭാഗം അഡീഷണല് പ്രിന്സിപ്പല് ചീഫ് ഫോറസ്റ്റ് കണ്സര്വേറ്ററാണ് സൗത്ത് വയനാട് ഡിവിഷണല് ഫോറസ്റ്റ് ഓഫീസര് ഷജ്ന ഗുരുതമായ കൃത്യവിലോപം നടത്തിയതായി കണ്ടെത്തിയിരിക്കുന്നത്. സ്ഥലം മാറ്റ ഉത്തരവിൽ ഇത് വ്യക്തമാക്കിയിട്ടുണ്ട്. ഷജ്നയുടെ ഭാഗത്ത് നിന്നും ആവശ്യത്തിന് ഫീല്ഡ് പരിശോധന ഉണ്ടായില്ലെന്നും കേസ് രജിസ്റ്റര് ശേഷവും ഡിഎഫ്ഒ എന്ന നിലയില് ജാഗ്രതയോടെ പ്രവര്ത്തിച്ചില്ലെന്നുമാണ് കണ്ടെത്തല്. ഇതു മൂലമാണ് അനധികൃതമായി മുറിച്ച മുഴുവന് കുറ്റികളും യഥാസമയം കണ്ടെത്താന് സാധിക്കാതിരുന്നതെന്നും കുറ്റവാളികള്ക്ക് തുടര്ന്നും തടി കടത്തിക്കൊണ്ട് പോകാന് സാഹചര്യമുണ്ടായതെന്നുമാണ് കണ്ടെത്തല്. ഡിഎഫ്ഒയുടെ ഭാഗത്ത് നിന്നും ഗുരുതരമായ കൃത്യവിലോപമുണ്ടായതായി സര്ക്കാര് കരുതുന്നതായും സ്ഥലംമാറ്റ ഉത്തവിലുണ്ട്. ഇത്രയും ഗുരുതരമായ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയ ഡിഎഫ്ഒക്കെതിരായ നടപടി സ്ഥലം മാറ്റത്തിൽ ഒതുങ്ങി എന്നതും ശ്രദ്ധേയമാണ്.

സുഗന്ധഗിരി മരംമുറി കേസിൽ ഉദ്യോഗസ്ഥർക്കെതിരായ സസ്പെൻഷൻ നടപടി പിൻവലിച്ചതിന് പിന്നിൽ ഉന്നത രാഷ്ട്രീയ ഇടപെടലെന്ന് ആരോപണം ഉയർന്നിരുന്നു. ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലിച്ചത് എൻസിപി നേതൃത്വത്തിന്റെ സമ്മർദത്തെ തുടർന്നാണെന്നായിരുന്നു ആക്ഷേപം ഉയർന്നത്. സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്ന കരീമിനെതിരായ നടപടി പിൻവലിക്കുന്നതിന് സുഹൃത്തും എൻസിപി നേതാവുമായ ലക്ഷദ്വീപ് എംപി ഇടപെട്ടെന്നും ആരോപണം ഉയർന്നിരുന്നു. ഉത്തരവിറക്കി 20 മണിക്കൂറിനുള്ളിൽ വനംവകുപ്പ് നടപടി പിൻവലിച്ചിരുന്നു. എൻസിപി നേതാവായ എംപി ഉന്നത നേതാക്കൾ വഴി സമ്മർദം ചെലുത്തിയെന്നായിരുന്നു ആരോപണം. ഷജ്നയ്ക്ക് പുറമേ കൽപറ്റ ഫ്ളയിങ് സ്ക്വാഡ് റെയ്ഞ്ച് ഓഫീസര് എം. സജീവന്, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര് ബീരാന്കുട്ടി എന്നിവര്ക്കെതിരായ നടപടിയും മരവിപ്പിച്ചിരുന്നു. ആദിവാസികള്ക്കായി പതിച്ചുനല്കിയ വനഭൂമിയിലാണ് മരംമുറി നടന്നത്. 20 മരങ്ങള് മുറിക്കാനുള്ള അനുമതിയുടെ മറവില് 107 മരങ്ങളാണ് മുറിച്ചുകടത്തിയത്.

സുഗന്ധഗിരി മരംകൊള്ളയിൽ ഡിഎഫ്ഒ ഷജ്നയുടെ സസ്പെൻഷൻ റദ്ദാക്കിയ സംഭവത്തിൽ വൻ അട്ടിമറി നടന്നതിൻ്റെ തെളിവുകളും റിപ്പോർട്ടർ പുറത്ത് വിട്ടിരുന്നു. ഡിഎഫ്ഒക്കെതിരായ സസ്പെൻഷൻ ഉത്തരവ് 24 മണിക്കൂർ പിന്നിടുന്നതിന് മുമ്പ് സർക്കാർ പിൻവലിച്ചിരുന്നു. ഷജ്ന ഉള്പ്പെടെയുള്ള ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിക്കാതിരുന്നതിനാലാണ് സസ്പെൻഷൻ റദ്ദാക്കിയതെന്നായിരുന്നു സർക്കാരിൻ്റെ വിശദീകരണം. എന്നാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിച്ചതിൻ്റെ രേഖകളാണ് റിപ്പോർട്ടർ പുറത്ത് വിട്ടത്.

ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിച്ച് പുറത്തിറക്കിയ മെമ്മോ മൂന്ന് മണിക്കൂറിനകം റദ്ദാക്കുകയായിരുന്നു. ഇതിൻ്റെ രേഖയും റിപ്പോർട്ടർ പുറത്ത് വിട്ടിരുന്നു. വിശദീകരണം ചോദിച്ച് മണിക്കൂറുകൾക്കകം ഉന്നത ഉടപെടൽ നടക്കുകയും വിശദീകരണ മെമ്മോയും പിന്നീട് സസ്പെൻഷൻ ഉത്തരവും പിൻവലിക്കുകയായുമായിരുന്നു. വിശദീകരണം ചോദിച്ചില്ലെന്നാണ് സസ്പെൻഷൻ റദ്ദാക്കാനുള്ള കാരണമായി അത് സംബന്ധിച്ച ഉത്തരവിൽ ചൂണ്ടിക്കാണിച്ചിരുന്നത്. വിശദീകരണം ചോദിക്കാത്തതിനാലാണ് സസ്പെൻഷൻ റദ്ദാക്കിയതെന്നായിരുന്നു വനംമന്ത്രിയും വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇതിന് പിന്നാലെ പുറത്ത് വന്ന തെളിവുകൾ ഈ വാദങ്ങളെല്ലാം കളവാണെന്ന് കൂടി തെളിയിച്ചിരുന്നു.

dot image
To advertise here,contact us
dot image