കൊച്ചി: താനൂര് കസ്റ്റഡി കൊലപാതക കേസില് അറസ്റ്റിലായ പ്രതികളെ റിമാന്ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്ഡ് ചെയ്തത്. എറണാകുളം ജനറല് ആശുപത്രിയില് എത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷം കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും.
എറണാകുളം സി ജെ എം കോടതിയിലാണ് ഹാജരാക്കിയ പ്രതികളെ റിമാന്ഡ് ചെയ്യുകയായിരുന്നു. ഒന്നാം പ്രതി സീനിയര് സിപിഒ ജിനേഷ്, രണ്ടാം പ്രതി സിപിഒ ആല്ബിന് അഗസ്റ്റിന്, മൂന്നാം പ്രതി സിപിഒ അഭിമന്യു, നാലാം പ്രതി സിപിഒ വിപിന് എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് പുലര്ച്ചെ പ്രതികളെ സിബിഐ സംഘം വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികൾക്കെതിരെ അന്വേഷണ സംഘം കൊലപാതകക്കുറ്റം ചുമത്തി. എട്ട് വകുപ്പുകളാണ് ചുമത്തിയത്. 302-കൊലപാതക കുറ്റം, 342-അന്യായമായി തടങ്കലിൽ വെക്കുക, 346-രഹസ്യമായി അന്യായമായി തടങ്കിൽ വെക്കൽ, 348-ഭയപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുന്നതിന് വേണ്ടി തടഞ്ഞു വെക്കുക, 330-ഭയപ്പെടുത്തി മർദ്ദിച്ചു കുറ്റം സമ്മതിപ്പിക്കൽ, 323-ദേഹോപദ്രവം ഏൽപിക്കൽ, 324-ആയുധം ഉപയോഗിച്ച് മർദിച്ച് ഗുരുതര പരിക്ക് ഏൽപിക്കൽ, 34 സംഘം ചേർന്നുള്ള അതിക്രമം എന്നീ വകുപ്പുകളാണ് ചുമത്തിയത്.