'തനിക്കൊപ്പം നില്ക്കുന്നവരെ അടിച്ചൊതുക്കുന്നു'; സിപിഐഎം വിടുമെന്ന് സൂചന നല്കി എസ് രാജേന്ദ്രന്

' ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ വി ശശിയുടെ അറിവോടെയാണ് ആക്രമണങ്ങള് നടക്കുന്നത്'

dot image

മുന്നാര്: സിപിഐഎം വിടുമെന്ന് സൂചന നല്കി മുന് എംഎല്എ എസ് രാജേന്ദ്രന്. ബിജെപി നേതാക്കള് വീട്ടിലെത്തി ബിജെപി പ്രവേശനം സംബന്ധിച്ച് സംസാരിച്ചുവെന്ന് അദ്ദേഹം റിപ്പോര്ട്ടറിനോട് പറഞ്ഞു. ബിജെപിയിലേക്ക് വരണമെന്ന് നേതാക്കള് ആവശ്യപ്പെട്ടെന്ന് അറിയിച്ച അദ്ദേഹം സിപിഐഎമ്മിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചു. 'തനിക്കൊപ്പം നില്ക്കുന്നവരെ സിപിഐഎം അടിച്ചൊതുക്കുകയാണ്. തമിഴ്നാട്ടില് നിന്നുള്ള ഗുണ്ട സംഘങ്ങളെ ഉപയോഗപ്പെടുത്തിയാണ് അക്രമണം. കൊരണ്ടി കാട്ടില് 17കാരിക്ക് മര്ദ്ദനമേറ്റതും ഇത്തരത്തിലുള്ള ഗുണ്ട സംഘത്തിന്റെ ആക്രമണമാണ്. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ വി ശശിയുടെ അറിവോടെയാണ് ഈ ആക്രമണങ്ങള് നടക്കുന്നത്.

സിപിഐഎം ലോക്കല് കമ്മിറ്റി അംഗത്തിന്റെ വീട്ടിലാണ് ഈ ക്വട്ടേഷന് സംഘം തങ്ങിയത്. അടിച്ചൊതുക്കാനാണ് പാര്ട്ടിയുടെ പരിശ്രമം നടത്തുന്നത്. മൂന്നിടങ്ങളില് തന്നെ അനുകൂലിക്കുന്നവരെ മര്ദ്ദിച്ചിട്ടുണ്ട്. ഉപദ്രവിക്കരുത് എന്ന താന് നേതാക്കളോട് ആവര്ത്തിച്ചു പറഞ്ഞിരുന്നു. എന്നാല്, തന്റെ ഭാര്യയെ പോലും കേസില്പ്പെടുത്തിയിട്ടുണ്ട്. ഇനിയും കുറച്ച് അടികൂടി നടക്കട്ടെ അന്നേരം ബിജെപി പോകണമോയെന്ന് ആലോചിക്കാം. ജില്ലാ സെക്രട്ടറി പറഞ്ഞ പ്രത്യയശാസ്ത്രത്തിന് വില കൊടുക്കുന്നവരായിരുന്നെങ്കില് ഇത്തരം സംഭവങ്ങള് നടക്കില്ലായിരുന്നു.

അടിച്ചൊതുക്കാന് ആണ് ഉദ്ദേശിക്കുന്നതെങ്കില് ശരിയായി പോകില്ല. തമിഴ്നാട്ടുകാര് തമ്മിലിടിച്ച് തീര്ക്കട്ടെ എന്നാണ് പൊലീസിന്റെ നിലപാടെ'ന്നും രാജേന്ദ്രന് പറഞ്ഞു. നേരത്തെ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയെ തുടര്ന്ന് രാജേന്ദ്രന് ബിജപിയിലേക്കു പോകുന്നുവെന്ന വാര്ത്ത ശക്തമായിരുന്നു. കൂടാതെ എസ് രാജേന്ദ്രനെ ബിജെപി നേതാക്കള് മൂന്നാര് ഇക്കാ നഗറിലെ വീട്ടിലെത്തിയ സന്ദര്ശിച്ചതും വിവാദമായിരുന്നു.

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ജെ പ്രമീള ദേവി, മധ്യ മേഖല പ്രസിഡന്റ് എന് ഹരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദര്ശനം. മൂന്നാറില് മറ്റൊരു പരിപാടിക്കായി എത്തിയ ബിജെപി നേതാക്കള് തന്നെ വന്നുകണ്ടുവെന്നായിരുന്നു എസ് രാജേന്ദ്രന്റെ വിശദീകരണം. ഇതിന് പിന്നാലെയാണ് അദ്ദേഹം പാര്ട്ടിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us