
കൊച്ചി: പനമ്പിള്ളി നഗറിൽ കൊല്ലപ്പെട്ട നവജാത ശിശുവിന് കൊച്ചിയിലെ പൊതുശ്മശാനത്തിൽ അന്ത്യവിശ്രമം. പുല്ലേപ്പടി പൊതു ശ്മശാനത്തിൽ പൊലീസും കോർപറേഷനും ചേർന്നാണ് സംസ്കാരം നടത്തിയത്. പതിനൊന്ന് മണിയോടെ പുല്ലേപ്പടിയിലെ പൊതു ശ്മശാനത്തിലേക്ക് കുഞ്ഞിൻ്റെ മൃതദേഹം എത്തിച്ചു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരും കൊച്ചി മേയർ എം അനിൽകുമാറും സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി. പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ പ്രദേശവാസികൾ അന്ത്യാഞ്ജലി അർപ്പിച്ചു. കുരുന്ന് മൃതദേഹത്തിന് സല്യൂട്ടിനൊപ്പം പൂക്കളും കളിപ്പാട്ടവും പൊലീസ് സമർപ്പിച്ചു. കുഞ്ഞിന്റെ മൃതദേഹം വഹിച്ചത് മേയർ ഉൾപ്പെടെ ഉള്ളവരാണ്. കുഴിമാടത്തിൽ ഓർമ്മയ്ക്കായി ഒരു കുഞ്ഞുചെടിയും നട്ടു.
മെയ് മൂന്നിന് രാവിലെ വീട്ടിലെ ശൗചാലയത്തിൽ രഹസ്യമായി പ്രസവിച്ച യുവതി, കുഞ്ഞിനെ ഫ്ളാറ്റിന്റെ ബാൽക്കണിയിൽ നിന്ന് റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. യുവതി സ്വകാര്യ ആശുപത്രിയിലെ ചികിത്സയിലാണ്. ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. യുവതി ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലെത്തിയാണ് മജിസ്ട്രേട്ട് റിമാൻഡ് നടപടികൾ സ്വീകരിച്ചത്.
യുവതിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് കസ്റ്റഡിയിൽ ഉടൻ വാങ്ങില്ല. മൊഴിയെടുക്കാൻ സാധിക്കുമോ എന്നറിയാൻ ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തിയെങ്കിലും ആരോഗ്യസ്ഥിതി കണക്കിലെടുത്ത് വിവരങ്ങൾ ശേഖരിച്ചിരുന്നില്ല.
കുഞ്ഞിന്റെ രക്ത സാംപിൾ ഡിഎൻഎ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പെൺകുട്ടിക്ക് പരാതിയുണ്ടെങ്കിൽ മാത്രം ഗർഭിണിയാക്കിയ യുവാവിന്റെ ഡിഎൻഎ പരിശോധന നടത്തും. യുവതിയുടെ വിശദമായി മൊഴി ലഭിച്ചതിന് ശേഷം മാത്രമേ യുവാവിലേക്കുള്ള അന്വേഷണം നടത്തുകയുള്ളു.
മാസപ്പടി കേസില് അന്വേഷണം ഇല്ല;മുഖ്യമന്ത്രിക്കും മകള്ക്കും എതിരായ മാത്യു കുഴല്നാടന്റെ ഹര്ജി തള്ളി