ഡൽഹി: മാർപാപ്പയുടെ പ്രതിനിധിയുമായി ചർച്ച നടത്തി സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ്. മാർപ്പാപ്പയുടെ സന്ദർശനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചർച്ച ചെയ്തത്. ഇന്ത്യ സന്ദർശിക്കാൻ മാർപാപ്പ മുൻപ് താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് സമയത്ത് മാർപാപ്പ രാജ്യങ്ങൾ സന്ദർശിക്കാറില്ല. അതിനാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ സർക്കാർ വന്ന ശേഷം ഇക്കാര്യത്തിൽ തുടർ നടപടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെ വി തോമസ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ക്രൈസ്തവർ നേരിടുന്ന വിവിധ പ്രശ്നങ്ങളും മാർപാപ്പയുടെ പ്രതിനിധിയുമായി ചർച്ച ചെയ്തുവെന്നും കെ വി തോമസ് പറഞ്ഞു.
കേരളത്തിൻ്റെ ഗ്രാൻ്റ് വെട്ടിക്കുറച്ചത് സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനുമായും കെ വി തോമസ് ചർച്ച നടത്തി. വിഷയം പരിശോധിച്ച് മറുപടി തരാമെന്ന് ധനമന്ത്രി പറഞ്ഞു. ഏറ്റവും വേഗത്തിൽ സംസ്ഥാനപാതയുടെ പണി നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. വിഴിഞ്ഞം പ്രൊജക്ട് ഒന്നാം ഘട്ടം കഴിഞ്ഞ് രണ്ടാം ഘട്ടത്തിലേയ്ക്ക് നീങ്ങി. ഹൈ സ്പീഡ് റെയില്വേ, വിദ്യാഭ്യാസം, ആരോഗ്യ രംഗം തുടങ്ങിയ കാര്യങ്ങളൊക്കെ ചർച്ചയായെന്നും കെ വി തോമസ് പറഞ്ഞു.