കൊച്ചി: എൽഡിഎഫ് കൺവീനർ ഇ പി ജയരാജനുമായുള്ള കൂടിക്കാഴ്ച്ച സംബന്ധിച്ച ചോദ്യങ്ങളോട് ഒഴിഞ്ഞുമാറി ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ. വിവാദങ്ങൾ മാധ്യമ സൃഷ്ടിയാണ്. പൊതു പ്രവർത്തകർ പല മേഖലകളിലുള്ളവരുമായി ചർച്ച നടത്തും. കൂടിക്കാഴ്ചകൾ സാധാരണമാണ്. അതിൽ അസ്വാഭാവികത ഇല്ലെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.
പ്രകാശ് ജവദേക്കർ ഇ പി ജയരാജൻ കൂടിക്കാഴ്ച തിരഞ്ഞെടുപ്പ് സമയത്ത് വിവാദമായിരുന്നു. ദല്ലാൾ നന്ദകുമാറും ശോഭാ സുരേന്ദ്രനുമായിരുന്നു ഇ പി ജയരാജൻ-പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ചയെക്കുറിച്ച് വെളിപ്പെടുത്തയത്. തിരഞ്ഞെടുപ്പ് ദിവസം രാവിലെ വോട്ട് ചെയ്തിറങ്ങിയ ഇ പി ജയരാജൻ ജാവദേക്കറെ കണ്ടെന്ന് സമ്മതിച്ചിരുന്നു. തൻ്റെ മകന്റെ വീട്ടില് വന്ന് ജാവദേക്കര് കണ്ടിരുന്നുവെന്ന് ജയരാജൻ സമ്മതിക്കുകയായിരുന്നു. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച്ചയില് ഇ പി ജയരാജനെ നേരത്തെ സിപിഐഎം ന്യായീകരിച്ചിരുന്നു. ഇ പി ജയരാജനെതിരെ ആസൂത്രിത നീക്കമാണ് നടക്കുന്നതെന്ന് സിപിഐംഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് വ്യക്തമാക്കിയിരുന്നു. ബിജെപി നേതാവിനെ ഒരു വര്ഷം മുമ്പ് കണ്ടത് ജയരാജന് തന്നെ വിശദീകരിച്ച കാര്യമാണ്.
എതിര്പക്ഷത്തുള്ള നേതാവിനെ കണ്ടാല് ഇല്ലാതാകുന്നതല്ല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം. ജയരാജന് എല്ഡിഎഫ് കണ്വീനറായി തുടരും. വസ്തുതകള് തുറന്നു പറയുകയാണ് ഇ പി ചെയ്തത്. സത്യസന്ധമായാണ് കാര്യങ്ങള് പറഞ്ഞത്. അത് പാര്ട്ടിക്ക് ദോഷം ചെയ്യില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. ശോഭാ സുരേന്ദ്രനാണ് നേരത്തെ ജാവദേക്കർ ഇ പി ജയരാജൻ കൂടിക്കാഴ്ച ചർച്ചയാക്കിയത്. പിന്നാലെ തന്റെ സാന്നിധ്യത്തില് പ്രകാശ് ജാവദേക്കര് ഇ പി ജയരാജനെ കണ്ടുവെന്ന് ടി ജി നന്ദകുമാറും വെളിപ്പെടുത്തിയിരുന്നു. തൃശ്ശൂരില് ഇടതുമുന്നണി സഹായിച്ചാല് ബിജെപിക്ക് അക്കൗണ്ട് തുറക്കാന് കഴിയുമെന്ന് ജാവദേക്കര് ജയരാജനോട് പറഞ്ഞിരുന്നുവെന്നും പകരം ലാവലിന് കേസ്, സ്വര്ണ്ണക്കടത്ത് കേസ് എന്നിവ സെറ്റില് ചെയ്ത് തരാം എന്ന് ഉറപ്പ് കൊടുത്തുവെന്നുമായിരുന്നു നന്ദകുമാറിൻ്റെ വെളിപ്പെടുത്തൽ. എന്നാല് ജയരാജന് സമ്മതിച്ചില്ലെന്നും നന്ദകുമാർ പറഞ്ഞിരുന്നു.