കൊച്ചി: ഓൺലൈൻ തട്ടിപ്പുകൾ തുടർക്കഥയായിട്ടും ഇരയാകുന്നവരുടെ എണ്ണം ഏറിവരികയാണ്. ഇരകളാകുന്നവരിൽ വിദ്യാസമ്പന്നരും ഉന്നത മേഖലകളിൽ ജോലിചെയ്യുന്നവരുമുണ്ട്. ഇപ്പോഴിതാ സൈബർ തട്ടിപ്പുകളിൽ നിതാന്തജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിയിരിക്കുകയാണ്. നിങ്ങൾ അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം സുരക്ഷിതമായി സൂക്ഷിക്കേണ്ടത് നിങ്ങളുടെ മാത്രം ഉത്തരവാദിത്തമാണെന്ന് ഓർമപ്പെടുത്തിക്കൊണ്ടാണ് കേരള പൊലീസിൻറെ ഫെയ്സ്ബുക്ക് പോസ്റ്റ്.
ഓൺലൈൻ പണമിടപാടുകൾ വർദ്ധിച്ചതോടെ പല തരത്തിലുള്ള സൈബർ തട്ടിപ്പുകളും കൂടിവരുകയാണ്. അത്യാവശ്യത്തിന് പണം വേണമെങ്കിൽ എളുപ്പത്തിൽ എങ്ങനെ കണ്ടെത്താമെന്ന ചിന്തയാണ് മിക്കവരെയും അലട്ടുന്ന പ്രശ്നം.ഈ അവസരമാണ് യഥാർത്ഥത്തിൽ തട്ടിപ്പുകർ മുതലെടുക്കുന്നത്. നിക്ഷേപിക്കുന്ന തുക ഇരട്ടിയാക്കി നൽകുന്നതിലൂടെ ആളുകളുടെ വിശ്വാസം നേടിയെടുക്കുകയും അങ്ങനെ വൻ തുക നിക്ഷേപിപ്പിക്കുന്നതുമാണ് തട്ടിപ്പിൻറെ രീതി.
സിബിഐ, പൊലീസ്, ട്രായ്, എൻഐഎ, നാർക്കോട്ടിക്ക് കട്രോൾ ബ്യൂറോ തുടങ്ങിയ ഉദ്യോഗസ്ഥരെന്ന വ്യാജേനയും തട്ടിപ്പുകാർ പ്രത്യക്ഷപ്പെടുന്നുണ്ടെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇവർ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിയമവിരുദ്ധ ക്രയവിക്രയങ്ങൾ നടന്നിട്ടുണ്ടെന്നും പരിശോധനക്കായി അക്കൗണ്ടിലെ പണം ട്രാൻസ്ഫർ ചെയ്യാനും ആവശ്യപ്പെടുന്നതാണ് തട്ടിപ്പിൻ്റെ രീതി. യഥാർത്ഥത്തിൽ ഇങ്ങനെ ചെയ്യാൻ ഒരു അന്വേഷണ ഏജൻസിക്കും അധികാരമില്ല എന്നതാണ് വസ്തുത. എന്നാൽ അക്കൗണ്ട് മരവിപ്പിക്കാനുള്ള അധികാരമുണ്ടെങ്കിലും ഒരന്വേഷണ ഏജൻസിയും പണം ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെടില്ല.
വ്യാജ വെബ്സൈറ്റുകൾ ഗൂഗിൾ സേർച്ചിൽ ആദ്യം ലിസ്റ്റ് ചെയ്യുന്ന രീതിയിൽ ക്രമീകരിച്ചാണ് തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നത്. അതിനാൽ തന്നെ ഔദ്യോഗിക സൈറ്റുകളിൽ നിന്നു മാത്രം കസ്റ്റമർ കെയർ നമ്പറുകൾ, ഇമെയിൽ വിലാസങ്ങൾ എന്നിവ ശേഖരിക്കുക എന്നതാണ് തട്ടിപ്പിൽ വീഴാതിരിക്കാനുള്ള ഏകപ്രതിവിധി. ഇത്തരം സൈബർ തട്ടിപ്പുകളിൽ ഇരകളാകാതിരിക്കാൻ റിസർവ് ബാങ്ക് അംഗീകരിച്ച സ്ഥാപനങ്ങളെ മാത്രം ആശ്രയിക്കണമെന്നും കേരള പൊലീസ് ജാഗ്രതപ്പെടുത്തുന്നുണ്ട്. പണം നിക്ഷേപിക്കാൻ നിങ്ങളെ പ്രേരിപ്പിച്ചുകൊണ്ട് വാട്സ്ആപ്പ്, ടെലിഗ്രാം മുതലായ സാമൂഹ്യ മാധ്യമങ്ങളിൽ ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും മുന്നറിയിപ്പുണ്ട്.
ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്പറിൽ അറിയിക്കണം. എത്രയും നേരത്തേ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.