തിരുവനന്തപുരം: മുഖ്യമന്ത്രിയെയും മകളെയും കരിവാരിത്തേക്കാന് ശ്രമിച്ച മാത്യൂ കുഴല്നാടന്റെ പതനം നാട് കണ്ടുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. യുഡിഎഫ് കെട്ടിപ്പൊക്കിയ ചില്ലുകൊട്ടാരമാണ് തകര്ന്നത്. ആരോപണങ്ങള് തെറ്റെന്ന് വന്നാല് മാപ്പ് പറയുമെന്നായിരുന്നു കുഴല്നാടന് പറഞ്ഞുകൊണ്ടിരുന്നത്. മുഖ്യമന്ത്രിക്കെതിരായ പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് കോടതി തന്നെ വ്യക്തമാക്കിയെന്നും എം വി ഗോവിന്ദന് വാര്ത്താസമ്മേളനത്തില് പറഞ്ഞു.
'കോടതി വിധി വന്നിട്ടും എന്തുകൊണ്ട് കുഴല്നാടന് മാപ്പുപറയുന്നില്ല. മാപ്പ് അല്ല പ്രതിവിധി എന്ന് ഞങ്ങള്ക്കറിയാം. എന്നാല് മാപ്പ് പറയും എന്ന് പറഞ്ഞ കുഴല്നാടന് വാക്ക് പാലിക്കണം. നികുതി അടച്ച രസീത് കാണിച്ചാല് മാപ്പ് പറയാമെന്ന് നേരത്തെ പറഞ്ഞിരുന്നതാണ്. മഹാത്മാഗാന്ധിയെ ഇടിയ്ക്കിടെ ഉദ്ധരിക്കുന്ന ആളല്ലേ കുഴല്നാടന്. മേല്ക്കോടതിയെ സമീപിക്കും എന്നാണ് ഇപ്പോള് പറയുന്നത്.'- എം വി ഗോവിന്ദന് പറഞ്ഞു.
കെ സുധാകരന് കെപിസിസി പ്രസിഡന്റ് സ്ഥാനം വീണ്ടും ഏറ്റെടുത്ത വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. ബിജെപിയില് പോകുമെന്ന് ഭീഷണിപ്പെടുത്തിയാണ് കെ സുധാകരന് വീണ്ടും പ്രസിഡന്റ് ആയതെന്നാണ് എം വി ഗോവിന്ദന് പറഞ്ഞത്.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയെ എം വി ഗോവിന്ദന് ന്യായീകരിച്ചു. മുഖ്യമന്ത്രിയുടെ സ്വകാര്യ വിദേശയാത്ര കേന്ദ്ര സര്ക്കാരിന്റെയും പാര്ട്ടിയുടെയും അനുമതിയോടെയാണെന്നും ഇപ്പോഴുള്ള ചര്ച്ചയ്ക്ക് പിന്നില് ഇടതുപക്ഷ വിരോധമാണെന്നും എം വി ഗോവിന്ദന് പറഞ്ഞു.
കേന്ദ്ര വിദേശകാര്യ മന്ത്രിയോട് സഹതാപമേയുള്ളൂ. മറുപടി പറയേണ്ട കാര്യമില്ല. വരള്ച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങള് ഏകോപിപ്പിച്ച ശേഷമാണ് മുഖ്യമന്ത്രി യാത്ര പോയത്. ഇതിന് മുന്പും ഇവിടെ മുഖ്യമന്ത്രിമാരുണ്ടായിട്ടുണ്ട്. അവരൊക്കെ സ്വകാര്യ യാത്ര നടത്തിയിട്ടുണ്ട്. ചില കോണ്ഗ്രസ് നേതാക്കള് എവിടെയാണ് പോകുന്നതെന്ന് പോലും ആര്ക്കും അറിയില്ല. ഏത് യോഗം വിളിക്കാനും എവിടെ നിന്നും സാധിക്കുന്ന കാലമാണിത്. മുഖ്യമന്ത്രിക്ക് തന്നെ ലോകത്തിന്റെ എവിടെ നിന്നും ചുമതല വഹിക്കാനാകും. പിന്നെന്തിനാണ് ചുമതല കൈമാറുന്നതെന്നും എം വി ഗോവിന്ദന് ചോദിച്ചു.