കൽപ്പറ്റ: സൗത്ത് വയനാട് ഡിഎഫ്ഒയുടെ പരിധിയില് വരുന്ന ചെമ്പ്ര കൊടുമുടിയിലേക്കുള്ള ട്രക്കിങ്ങിൻ്റെ മറവിൽ വൻ വെട്ടിപ്പ്. വനസംരക്ഷണ സമിതിയിൽ ഇത് സംബന്ധിച്ച രേഖകൾ കാണാനില്ല. 2008 മുതൽ 2024 വരെയുള്ള ഓഡിറ്റിംഗ് റിപ്പോർട്ട് ഓഫീസിൽ ലഭ്യമല്ലെന്ന വിവരാവകാശ മറുപടി റിപ്പോർട്ടറിന് കിട്ടി. ഒരൊറ്റ വർഷം മാത്രം 16 ലക്ഷം രൂപയുടെ വെട്ടിപ്പ് കണ്ടെത്തിയ വനസംരക്ഷണ സമിതിയിൽ 15 വർഷത്തിലേറെയായി ഈ തട്ടിപ്പ് തുടരുന്നു എന്നാണ് ഉയരുന്ന ആരോപണം.
വനം സംരക്ഷിക്കുന്നതിനായി വനംവകുപ്പിൻ്റെ നിയന്ത്രണത്തിലുള്ള സംവിധാനമാണ് വനസംരക്ഷണസമിതി. വയനാട് ചെമ്പ്ര കൊടുമുടിയിലേക്കുള്ള ട്രക്കിങ്ങിൻ്റെ ചുമതല വനസംരക്ഷണ സമിതിക്കാണ്. വിനോദ സഞ്ചാരികളുടെ വനത്തിലേക്കുള്ള അനിയന്ത്രിതമായ കടന്നുകയറ്റം തടയുന്നതിന് വേണ്ടിയാണ് ചെമ്പ്ര വനംസംരക്ഷണ സമിതി ട്രക്കിങ്ങ് ചുമതല ഏറ്റെടുത്തത്. 1770 രൂപ കൊടുത്താൽ പത്ത് പേർക്ക് ചെമ്പ്രമല കയറി തിരിച്ചുവരാം. ഈ പണം വനസംരക്ഷണ സമിതി ശേഖരിച്ച് ഓരോ മാസവും ഡിഎഫ്ഒയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കണം.
എന്നാൽ കഴിഞ്ഞ കുറേ വർഷമായി ഇങ്ങനെ കിട്ടുന്ന പണം തിരിമറി നടത്തുന്നു എന്ന ആക്ഷേപം വ്യാപകമായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ വർഷം മാത്രം 16 ലക്ഷം രൂപയുടെ കുറവ് ഉണ്ടായതായി കണ്ടെത്തിയത്. തട്ടിപ്പ് പിടികൂടിയതോടെ ഇതിൽ 13 ലക്ഷം രൂപ തിരിച്ചടച്ച് രക്ഷപ്പെടാനായിരുന്നു ഉദ്യോഗസ്ഥരുടെ നീക്കം. പണം തിരിച്ചടച്ചെങ്കിലും മൂന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരായ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരെ സ്ഥലംമാറ്റി. ഇതിനിടെയാണ് കൂടുതൽ ഞെട്ടിക്കുന്ന വിവരം പുറത്തുവരുന്നത്. വിവരാവകാശ പ്രവർത്തകനായ ബി പ്രദീപ് കുമാർ 2008 മുതൽ 2024 വരെയുള്ള ഓഡിറ്റ് റിപ്പോർട്ട് ചോദിച്ച് വിവരാകാശം നൽകി. എന്നാൽ കിട്ടിയ മറുപടി ഓഡിറ്റ് റിപ്പോർട്ട് കാണാനില്ല എന്നായിരുന്നു.