ഹയർ സെക്കണ്ടറി പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69 ശതമാനം വിജയം

4,41,120 വിദ്യാർത്ഥികളാണ് സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷ എഴുതിയത്. ഇവരിൽ 2,94,888 പേർ ഉപരിപഠനത്തിന് യോഗ്യത നേടി

dot image

തിരുവനന്തപുരം: ഈ വർഷത്തെ ഹയര്സെക്കണ്ടറി, വൊക്കേഷണല് ഹയര് സെക്കണ്ടറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. 78.69 ആണ് വിജയശതമാനം.

സയൻസ് വിഭാഗത്തിൽ 84.84%, ഹ്യുമാനിറ്റീസ് 67.09%, കൊമേഴ്സ് 76.11% എന്നിങ്ങനെയാണ് വിജയശതമാനം. 4,41,120 വിദ്യാർത്ഥികളാണ് സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷ എഴുതിയത്. ഇവരിൽ 2,94,888 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. വിഎച്ച്എസ്ഇ പരീക്ഷ എഴുതിയത് 29,300 വിദ്യാർത്ഥികളാണ്. ജൂൺ 12 മുതൽ 20 വരെയാണ് ഇംപ്രൂവ്മെന്റ്, സേ പരീക്ഷകൾ നടക്കുക.

39,242 പേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. ഇതിൽ 29,818 പേർ പെൺകുട്ടികളാണ്. കഴിഞ്ഞ വർഷത്തെ ഫുൾ എ പ്ലസിന്റെ എണ്ണം 33815 ആയിരുന്നു. ഇത്തവണ 5427 വര്ധനയുണ്ടായി. വിജയശതമാനം ഏറ്റവും കൂടിയ ജില്ല എറണാകുളമാണ്. വയനാട് ആണ് വിജയശതമാനം ഏറ്റവും കുറഞ്ഞ ജില്ല.

ഫുൾ എ പ്ലസ് നേടിയവയിൽ ഗവണ്മെന്റ് സ്കൂളുകൾ ഏഴ് എണ്ണം മാത്രമാണുള്ളത്. ഇതിൽ പരിശോധന ആവശ്യമാണ്. അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയതായും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വൊക്കേഷണൽ ഹയർസെക്കണ്ടറിയിൽ വിജയം 71.42% ആണ്. മുൻവർഷം ഇത് 78.39% ആയിരുന്നു. ഇത്തവണ 6.97% കുറവുണ്ടായി. പ്രൈവറ്റ് വിഭാഗത്തിൽ 17.77 ആണ് വിജയശതമാനം.

dot image
To advertise here,contact us
dot image