തിരുവനന്തപുരം: ജെസ്ന തിരോധാന കേസില് തുടരന്വേഷണം പ്രഖ്യാപിച്ചുള്ള തിരുവനന്തപുരം സിജെഎം കോടതിയുടെ വിധി പ്രതീക്ഷിച്ചതാണെന്ന് ജെസ്നയുടെ പിതാവ് ജെയിംസ്. തുടരന്വേഷണം വേണമെന്ന് പറഞ്ഞപ്പോള് കോടതി അംഗീകരിക്കും എന്ന് പ്രതീക്ഷയുണ്ടായിരുന്നു. വിധി സ്വാഗതാര്ഹമാണ്. അതില് സന്തോഷമുണ്ട്. തുടരന്വേഷണത്തിന് വേണ്ട സൂചനകള് കൊടുത്തത് കൊണ്ടാണ് അനുകൂലവിധി വന്നത്. ആരെയും സംശയത്തിന്റെ നിഴലില് നിര്ത്താന് ആഗ്രഹിക്കുന്നില്ല. സിബിഐ അന്വേഷണത്തില് വീഴ്ചയില്ല. പ്രതിയേക്കുറിച്ച് സൂചന കിട്ടുന്ന പ്രധാന തെളിവുകളാണ് കോടതിയില് സമര്പ്പിച്ചത്.
അന്വേഷണം വഴി തെറ്റിക്കാന് നിരവധിയാളുകള് ശ്രമിച്ചു. ഇപ്പോഴും വഴി തെറ്റിക്കാന് ശ്രമം തുടരുന്നു. ഊമക്കത്തുകള് ഇപ്പോഴും ലഭിക്കുന്നുണ്ട്. അന്വേഷണ സംഘത്തെ തന്നേക്കൊണ്ട് പറ്റാവുന്ന രീതിയില് സഹായിക്കും. അന്വേഷണം ഫലം കണ്ടെത്തും എന്നാണ് വിശ്വാസം. അന്വേഷണത്തിന് ഒരു അവസാനം ഉണ്ടാകണം അതിനാണ് താന് ശ്രമിക്കുന്നതെന്നും ജെയിംസ് പറഞ്ഞു. ജെയിംസ് സമര്പ്പിച്ച ഹര്ജിയിലായിരുന്നു തുടരന്വേഷണത്തിന് ഉത്തരവിട്ട കോടതി നടപടി. പിതാവ് നല്കിയ പുതിയ തെളിവുകളുടെ അടിസ്ഥാനത്തില് അന്വേഷണം നടത്തണമെന്നാണ് കോടതി ഉത്തരവിട്ടത്. സിബിഐ സമര്പ്പിച്ച കേസ് ഡയറിയും ജെസ്നയുടെ പിതാവ് ജെയിംസ്, മുദ്രവെച്ച കവറില് സമര്പ്പിച്ച ആവശ്യങ്ങളും തെളിവുകളും കോടതി പരിശോധിച്ചു. ഇവ രണ്ടും പരിശോധിച്ച ശേഷമാണ് തുടരന്വേഷണം വേണമെന്ന നിഗമനത്തില് കോടതി എത്തിച്ചേര്ന്നത്.
ജെസ്ന മരിച്ചെന്നോ ജീവിച്ചിരിക്കുന്നെന്നോ സ്ഥാപിക്കുന്ന ഒരു തെളിവുകളും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് സിബിഐയുടെ വാദം. അതിനാല് കേസന്വേഷണം അവസാനിപ്പിക്കണമെന്ന് സിബിഐ കോടതിയോട് ആവശ്യപ്പെടുകയും ക്ലോഷര് റിപ്പോര്ട്ട് സമര്പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്, സിബിഐ പല കാര്യങ്ങളും അന്വേഷിച്ചിട്ടില്ലെന്നും ഇത് സംബന്ധിച്ച തെളിവുകള് തന്റെ കൈവശമുണ്ടെന്നും കാണിച്ച് ജെയിംസ് കോടതിയില് തടസ്സഹര്ജി സമര്പ്പിച്ചു.
ജെസ്ന തിരോധാന കേസില് തുടരന്വേഷണം പ്രഖ്യാപിച്ച് കോടതിജെസ്നയുടെ അജ്ഞാത സുഹൃത്തിനെക്കുറിച്ചുള്ള തെളിവുകള് നല്കിയെന്നാണ് ജെയിംസിന്റെ വാദം. മകളുടെ തിരോധാനത്തില് പുതിയ ഒരാളെ സംശയമുണ്ട്. ഒപ്പം ജെസ്ന എല്ലാ വ്യാഴാഴ്ചകളിലും ഒരു സ്ഥലത്ത് പ്രാര്ത്ഥിക്കാന് പോകാറുണ്ടായിരുന്നെന്നും ജെയിംസ് കോടതിയില് പറഞ്ഞു. തെളിവുകള് നല്കിയാല് തുടരന്വേഷണമാകാം എന്നാണ് സിബിഐ കോടതിയെ അറിയിച്ചത്.